തൃശൂർ: ബിജെപി വിട്ട് പത്മജ വേണുഗോപാൽ. ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം തെറ്റായ തീരുമാനമായിരുന്നുവെന്നും ആലോചിക്കാതെയാണ് പാർട്ടിയിൽ ചേർന്നതെന്നും പത്മജ പ്രതികരിച്ചു.
ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെയാണ് പാർട്ടിയിലെത്തിയതെന്നും ഇപ്പോൾ തെറ്റ് തിരുത്തുകയാണെന്നും അവർ പറഞ്ഞു. ആദ്യം തീരുമാനം അറിയിച്ചത് സഹോദരൻ കെ. മുരളീധരനെയാണെന്നും ഗവർണർ പദവി വാഗ്ദാനം ചെയ്തിട്ടില്ലെന്നും പത്മജ വ്യക്തമാക്കി.
ബിജെപിയിൽ പ്രതീക്ഷിച്ച സ്ഥാനമാനങ്ങൾ ലഭിക്കാത്തതും അവഗണന നേരിട്ടതുമാണ് പാർട്ടി വിടാനുള്ള കാരണമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. രാജീവ് ചന്ദ്രശേഖറുമായും ദേശീയ നേതൃത്വവുമായും നടത്തിയ ചർച്ചകൾ ഫലം കണ്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കോൺഗ്രസിലേക്ക് മടങ്ങാനുള്ള നീക്കത്തിനിടെ തൃശൂരിലെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എതിർപ്പുമായി രംഗത്തെത്തി. പത്മജയെ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.
അതേസമയം, സഹോദരനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരനുമായി പത്മജ മടങ്ങിവരവ് സംബന്ധിച്ച് സംസാരിച്ചതായാണ് വിവരം. സംസ്ഥാന നേതൃത്വവുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്. പത്മജയുടെ മടക്കത്തിൽ കോൺഗ്രസ് നേതൃത്വം വലിയ എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് സൂചന.
