ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവിനെച്ചൊല്ലിയുള്ള രാഷ്ട്രീയ സംഘർഷത്തിനിടെ ബംഗ്ലാദേശിൽ വീണ്ടും അക്രമം. മുൻ ഇടക്കാല സർക്കാരിലെ ചീഫ് അഡ്വൈസറും നൊബേൽ ജേതാവുമായ മുഹമ്മദ് യൂനുസിന്റെ കുടുംബവീടിന് അക്രമികൾ തീയിട്ടു. ചിറ്റഗോങ്ങിലെ വീടിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. കുടുംബാംഗങ്ങൾ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
യൂനുസ് സ്ഥാപിച്ച ഗ്രാമീൺ ബാങ്കിന്റെ 22 ശാഖകൾക്കും ഓഫീസുകൾക്കും നേരെ തീവെപ്പ് ശ്രമങ്ങളും ആക്രമണങ്ങളും ഉണ്ടായതായി ബാങ്ക് അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങൾ തുടരുകയാണ്.

ഹസീനയുടെ മടങ്ങിവരവിൽ രാഷ്ട്രീയ സംഘർഷം
2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിലേക്ക് കടന്ന ഹസീന ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ യാത്രാരേഖകൾ അനുവദിക്കാത്തതിനെതിരെ അവാമി ലീഗ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ ഭാഗമായി പലയിടങ്ങളിലും റോഡ് ഉപരോധവും അക്രമങ്ങളും അരങ്ങേറി. ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ രണ്ട് പ്രവർത്തകർ സംഘർഷത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
