Friday, November 20, 2026

ഡൽഹി കൊലപാതകക്കേസ് പ്രതി യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ലഖ്നൗ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനിയുമായി ബന്ധമുള്ള ഗുണ്ടാനേതാവ് നസീം ദുറാനി (37) ഉത്തർപ്രദേശ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഡൽഹിയിൽ 26 വയസ്സുകാരനായ സമീറിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ദുറാനിയെ ഡൽഹി പൊലീസും നോയിഡ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് വധിച്ചത്. ബുലന്ദ്ഷഹറിലായിരുന്നു ഏറ്റുമുട്ടൽ.

വടക്കുകിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസിൽ തിങ്കളാഴ്ചയാണ് സമീർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇരുപതോളം തവണ വെടിയുതിർത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മുസ്തഫാബാദ് സ്വദേശിയായ സമീറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നസീം ദുറാനിയും ഹാരൂൺ സൈഫിയും നേതൃത്വം നൽകുന്ന സംഘങ്ങൾ തമ്മിലുള്ള ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ച വ്യക്തിയായിരുന്നു സമീർ.

റിസ്വാൻ എന്ന പേരിലും അറിയപ്പെട്ടിരുന്ന നസീം ദുറാനിക്ക് അധോലോക കുറ്റവാളി ഛോട്ടാ ഷക്കീലുമായി ബന്ധമുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്. 2016-ൽ ജയിലിലായിരുന്ന അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാൻ ഷക്കീൽ ദുറാനിയെ ചുമതലപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. പാക്-കനേഡിയൻ മാധ്യമപ്രവർത്തകൻ താരെക് ഫത്താഹിനെ ഭീഷണിപ്പെടുത്തിയ കേസിലും ദുറാനി അറസ്റ്റിലായിരുന്നു.

കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങളിലായി ഇരുപതിലധികം കേസുകൾ ദുറാനിക്കെതിരെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഡൽഹിയുടെ കിഴക്കൻ, വടക്കുകിഴക്കൻ മേഖലകളിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിച്ചിരുന്ന ദുറാനിക്ക് രാജ മേവതിയുടെ നേതൃത്വത്തിലുള്ള സംഘവുമായും നിരന്തരം സംഘർഷമുണ്ടായിരുന്നു. ‘അക്കി ഡോൺ’ എന്നറിയപ്പെടുന്ന രാജ മേവതിയുടെ സംഘവും ദുറാനിയുടെ സംഘവും തമ്മിലുള്ള തർക്കത്തിന് പ്രദേശത്തെ ആധിപത്യം, വാതുവെപ്പ്, മയക്കുമരുന്ന് വ്യാപാരം, കൊള്ളയടിക്കൽ തുടങ്ങിയവയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!