ധാക്ക: ഒരിടവേളയ്ക്ക് ശേഷം ബംഗ്ലാദേശിൽ വീണ്ടും വ്യാപക അക്രമം. മുൻ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിന്റെ ചട്ടോഗ്രാമിലെ തറവാട് വീടിന് അക്രമികൾ തീയിട്ടു. വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കബീറിന്റെ വീടിന് നേരെ പെട്രോൾ ബോംബേറുമുണ്ടായി. അവാമി ലീഗ് ആഹ്വാനം ചെയ്ത രാജ്യവ്യാപക ഹർത്താലിന് പിന്നാലെയാണ് സംഘർഷം രൂക്ഷമായത്.
ചട്ടോഗ്രാമിലെ പഞ്ച്ലൈഷ് മേഖലയിലുള്ള യൂനുസിന്റെ വീടിന്റെ താഴത്തെ നിലയിലെ മുറിക്കാണ് രാവിലെ 11.30ഓടെ അക്രമികൾ തീയിട്ടത്. പൊലീസ് സ്ഥലത്തെത്തി തീ അണച്ചു. മുറിയിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കെട്ടിടത്തിന്റെ മറ്റ് നിലകളിൽ യൂനുസിന്റെ സഹോദരന്മാരുടെ കുടുംബങ്ങളാണ് താമസിക്കുന്നത്.
തലസ്ഥാനമായ ധാക്കയിലും പുലർച്ചെ ക്രൂഡ് ബോംബ് സ്ഫോടനങ്ങളുണ്ടായി. നാല് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവെപ്പ്, സ്ഫോടനം, നശീകരണ പ്രവർത്തനങ്ങൾ എന്നിവയും അരങ്ങേറി. ഗ്രാമീൺ ബാങ്കിന്റെ ചില ശാഖകൾക്കും തീയിട്ടു.

ഇതിനിടെ, ധാക്കയിലെ അവാമി ലീഗ് നേതാക്കളുടെ വീടുകൾക്കും നേരെ ആക്രമണമുണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷസാധ്യത കണക്കിലെടുത്ത് നഗരത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഫ്ലൈഓവറുകളിലും പ്രവേശന കവാടങ്ങളിലും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറിൽ ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ചതാണ് പുതിയ സംഘർഷങ്ങൾക്ക് പിന്നിലെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഹസീനയ്ക്ക് പുതിയ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നിരോധിക്കപ്പെട്ട അവാമി ലീഗ് രാജ്യവ്യാപക ഹർത്താലിനും പ്രതിഷേധങ്ങൾക്കും ആഹ്വാനം ചെയ്തിരുന്നു.
