Friday, November 20, 2026

യുദ്ധം വീണ്ടും തുടങ്ങിയാല്‍ ശത്രുക്കള്‍ എവിടെയായാലും വെറുതെ വിടില്ല: ഇറാന്‍

ടെഹ്റാന്‍: യുദ്ധം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രയേല്‍-യുഎസ് പ്രതിനിധികള്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ, ശത്രുക്കള്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്ത്. നിര്‍ദ്ദേശം ലഭിച്ചാല്‍ പുതിയ മേഖലകളിലേക്ക് പോലും മിസൈലുകള്‍ പ്രയോഗിക്കാന്‍ സജ്ജമാണെന്നും, അതിന് യാതൊരു പരിധികളുമില്ലെന്നും ഇറാന്‍ എയറോസ്പേസ് ഫോഴ്സ് കമാന്‍ഡറുടെ മുതിര്‍ന്ന ഉപദേഷ്ടാവ് ബ്രിഗേഡിയര്‍ ജനറല്‍ അലി ബെലാലി വ്യക്തമാക്കി. മിസൈലുകളുടെ ശേഖരത്തിലോ വിക്ഷേപണ സംവിധാനങ്ങളിലോ യാതൊരു കുറവുമില്ലെന്നും, ശത്രുക്കളുടെ ഭാഗത്തുനിന്ന് പ്രകോപനമോ ആക്രമണമോ ഉണ്ടായാല്‍ അവര്‍ ലോകത്തിന്റെ ഏത് കോണിലായിരുന്നാലും ഇറാന്റെ മിസൈല്‍ പ്രഹരം നേരിടേണ്ടിവരുമെന്നും അദ്ദേഹം താക്കീത് നല്‍കി.

ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാന്‍ ശത്രുക്കള്‍ ഏറെ പാടുപെടുകയാണ്. ‘താഡ്’ പോലുള്ള കോടിക്കണക്കിന് ഡോളര്‍ ചെലവ് വരുന്ന പ്രതിരോധ സംവിധാനങ്ങള്‍ വര്‍ഷങ്ങളെടുത്ത് നിര്‍മിക്കേണ്ട ഗതികേടിലാണ് അവര്‍. ചര്‍ച്ചകളിലൂടെയും സൈനിക നീക്കങ്ങളിലൂടെയും ഭീഷണികളിലൂടെയും ആശയക്കുഴപ്പമുണ്ടാക്കി മനഃശാസ്ത്രപരമായ യുദ്ധമാണ് ശത്രുക്കള്‍ നടത്തുന്നത്. അമേരിക്കയുമായി കൈകോര്‍ക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മേഖലയിലെ മറ്റ് രാജ്യങ്ങള്‍ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബെലാലി ചൂണ്ടിക്കാട്ടി.

‘ഞങ്ങളുടെ സായുധ സേന പൂര്‍ണ സജ്ജമാണ്. കാഞ്ചിയില്‍ വിരലമര്‍ത്തി, ശത്രുവിന്റെ ഒരു പിഴവിനായി കാത്തിരിക്കുകയാണ് അവര്‍. ഏതെങ്കിലും തരത്തിലുള്ള ശത്രുനീക്കമുണ്ടായാല്‍, അവര്‍ എവിടെയായിരുന്നാലും ഇറാന്റെ മിസൈല്‍ ആക്രമണം നേരിടേണ്ടിവരും. ആവശ്യമായ എല്ലാ സംവിധാനങ്ങളും ഞങ്ങളുടെ പക്കലുണ്ട്; ഉന്നത നേതൃത്വത്തിന്റെ ഉത്തരവ് ലഭിച്ചാല്‍ അവ പ്രയോഗിക്കുകയേ വേണ്ടൂ,’ അദ്ദേഹം പറഞ്ഞു. നിലവിലുള്ള മിസൈലുകളുടെ എണ്ണത്തിലോ പ്രഹരശേഷിയിലോ യാതൊരു ആശങ്കയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഐആര്‍ജിസി വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ഹുസൈന്‍ മൊഹിബ്ബിയും സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമോന്നത നേതാവിന്റെ ഉത്തരവ് ലഭിച്ചാല്‍ ശത്രുക്കള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും, ആവശ്യമായി വന്നാല്‍ യൂറോപ്പിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ പോലും ആക്രമിക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ജലസംഭരണികള്‍ തകര്‍ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നതെങ്കില്‍, അതേ നാണയത്തില്‍ തന്നെ തിരിച്ചടി നല്‍കുമെന്നും മൊഹിബ്ബി മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇറാന്‍ വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പുതുവര്‍ഷത്തിന് ശേഷം സാഹചര്യങ്ങള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ചൈനയില്‍ നടന്ന അപെക് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ എന്നിവരുമായി ഇറാന്‍ യുദ്ധത്തെക്കുറിച്ച് ചര്‍ച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനിടെ, ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ ട്രംപിന്റെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള പ്രമേയം യുഎസ് സെനറ്റ് തള്ളിക്കളഞ്ഞു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!