Friday, November 20, 2026

ആദായനികുതി പരിധി ഉയര്‍ത്തി കാനഡ; മാറ്റങ്ങള്‍ 2027 ജനുവരി മുതല്‍

ഓട്ടവ: പണപ്പെരുപ്പം കണക്കിലെടുത്ത് 2027-ലേക്കുള്ള പുതിയ ഫെഡറല്‍ ഇന്‍കം ടാക്‌സ് പരിധികള്‍ കാനഡ റവന്യൂ ഏജന്‍സി (CRA) പ്രഖ്യാപിച്ചു. എല്ലാ നികുതി സ്ലാബുകളുടെയും വരുമാനപരിധിയില്‍ 2.6 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 2027 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ മാറ്റത്തിലൂടെ, ഉയര്‍ന്ന നികുതി നിരക്കിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കൂടുതല്‍ വരുമാനം നേടാന്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് സാധിക്കും.

2026 നവംബര്‍ 19-നാണ് സി.ആര്‍.എ പുതുക്കിയ പേറോള്‍ ഡിഡക്ഷന്‍ ഫോര്‍മുലകളുടെ ഭാഗമായ T4127 ഗൈഡിന്റെ 124-ാം പതിപ്പ് പുറത്തിറക്കിയത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട ഉപഭോക്തൃ വില സൂചികയുടെ (CPI) കണക്കുകളെ അടിസ്ഥാനമാക്കിയാണ് പുതിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 2026-ല്‍ നികുതി പരിധികളില്‍ 2 ശതമാനമായിരുന്നു വര്‍ധന. പണപ്പെരുപ്പത്തിനനുസരിച്ച് ഓരോ വര്‍ഷവും നികുതി പരിധികള്‍ പുതുക്കണമെന്ന ഇന്‍കം ടാക്‌സ് നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് 2027-ലേക്ക് ഇത് 2.6 ശതമാനമായി ഉയര്‍ത്തിയത്.

പുതിയ ക്രമീകരണമനുസരിച്ച്, 2027-ല്‍ ആദ്യത്തെ 60,044 ഡോളര്‍ വരെയുള്ള വാര്‍ഷിക വരുമാനത്തിന് 14 ശതമാനമായിരിക്കും നികുതി. 60,044 ഡോളര്‍ മുതല്‍ 1,20,088 ഡോളര്‍ വരെയുള്ള വരുമാനത്തിന് 20.5 ശതമാനവും 1,20,088 മുതല്‍ 1,86,157 ഡോളര്‍ വരെയുള്ള വരുമാനത്തിന് 26 ശതമാനവും നികുതി നല്‍കണം. 1,86,157 മുതല്‍ 2,65,203 ഡോളര്‍ വരെയുള്ള വരുമാനത്തിന് 29 ശതമാനവും 2,65,203 ഡോളറിന് മുകളിലുള്ള വരുമാനത്തിന് 33 ശതമാനവും നികുതി ബാധകമാകും.

ഇതിനുപുറമെ, ഫെഡറല്‍ ആദായനികുതി കണക്കാക്കുമ്പോള്‍ ഓരോ വ്യക്തിക്കും ലഭിക്കുന്ന നികുതി ഇളവായ അടിസ്ഥാന വ്യക്തിഗത തുക (Basic Personal Amount) 2026-ലെ 16,452 ഡോളറില്‍ നിന്ന് 2027-ല്‍ 16,879 ഡോളറായി ഉയരും. ഇതിലൂടെ അര്‍ഹരായവര്‍ക്ക് 427 ഡോളറിന്റെ അധിക ഇളവും ഫെഡറല്‍ നികുതിയില്‍ പരമാവധി 59.78 ഡോളറിന്റെ കുറവും ലഭിക്കും. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ഈ ഇളവിന്റെ തുക ക്രമേണ കുറയും. ഇതൊരു റീഫണ്ട് ചെയ്യാത്ത നികുതി ക്രെഡിറ്റായതിനാല്‍, നിലവില്‍ ഫെഡറല്‍ നികുതി ബാധ്യതയില്ലാത്തവര്‍ക്ക് ഇതിലൂടെ പ്രത്യേക സാമ്പത്തിക നേട്ടമുണ്ടാകില്ല.

പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 60,000 ഡോളര്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഏകദേശം 155.79 ഡോളറും 80,000 മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ വരുമാനമുള്ളവര്‍ക്ക് 158.65 ഡോളറും നികുതിയില്‍ ലാഭിക്കാം. 1,50,000 ഡോളര്‍ വരുമാനമുള്ളവര്‍ക്ക് ഏകദേശം 326.01 ഡോളറിന്റെ കുറവുണ്ടാകും. പ്രവിശ്യാ, പ്രദേശിക നികുതികള്‍ ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ഓരോ വ്യക്തിയും അടയ്‌ക്കേണ്ട ആകെ നികുതി അതത് പ്രവിശ്യകളിലെ നിരക്കുകളെയും മറ്റ് കിഴിവുകളെയും ആശ്രയിച്ചിരിക്കും.

പുതിയ നികുതി പരിധികള്‍ പ്രാബല്യത്തില്‍ വരാന്‍ നികുതിദായകര്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. ശമ്പളവരുമാനക്കാര്‍ക്ക് 2027 ജനുവരിയിലെ ആദ്യ ശമ്പളം മുതല്‍ തന്നെ പുതുക്കിയ നിരക്കിലുള്ള നികുതി ഇളവ് ലഭിച്ചുതുടങ്ങും. സ്വയംതൊഴില്‍ ചെയ്യുന്നവരും നിക്ഷേപ വരുമാനമുള്ളവരും 2028-ല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ഈ നിരക്കുകള്‍ ബാധകമാകും. അതേസമയം, നികുതി പരിധികളിലെ ഈ മാറ്റം കാനഡ ചൈല്‍ഡ് ബെനിഫിറ്റ് (CCB) പോലുള്ള വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള ആനുകൂല്യങ്ങളുടെ യോഗ്യതയെ നേരിട്ട് ബാധിക്കില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!