ഷാര്‍ലറ്റ്ടൗണ്‍: പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് (PEI) പ്രവിശ്യയിലെ സ്കൂളുകളില്‍ എല്ലാ ദിവസവും കാനഡയുടെ ദേശീയഗാനമായ ‘ഒ കാനഡ (O Canada)’ ആലപിക്കുന്നത് നിര്‍ബന്ധമാക്കാന്‍ ലക്ഷ്യമിട്ട് പ്രവിശ്യാ നിയമസഭയില്‍ പുതിയ ബില്‍ അവതരിപ്പിച്ചു. പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.എല്‍.എ ടൈലര്‍ ഡെസ്റോച്ചസ് (Tyler DesRoches) ആണ് ഈ ആഴ്ച ബില്‍ സഭയില്‍ അവതരിപ്പിച്ചത്. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും വിദ്യാര്‍ത്ഥികളില്‍ പൗരബോധവും ദേശാഭിമാനവും വളര്‍ത്താനും ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.
ഈ നിയമനിര്‍മ്മാണം പാസായാല്‍, സ്കൂളുകളില്‍ ദിവസവും ദേശീയഗാനം കേള്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ന്യൂ ബ്രണ്‍സ്വിക്ക്, നോവസ്കോഷ തുടങ്ങിയ മറ്റ് പ്രവിശ്യകളുടെ പട്ടികയിലേക്ക് പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡും ഇടംപിടിക്കും. 1980 ജൂലൈയിലാണ് ഒ കാനഡ ഔദ്യോഗികമായി കാനഡയുടെ ദേശീയഗാനമായി പ്രഖ്യാപിക്കപ്പെട്ടത്. എങ്കിലും, ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമങ്ങളോ പെരുമാറ്റച്ചട്ടങ്ങളോ നിലവിലില്ലെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നത്.

അതേസമയം, ലോണ്‍ ഡോര്ക്സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് കൊളംബിയ പ്രോഗ്രസീവ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ സ്കൂളുകളില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയ-പ്രവിശ്യാ പതാകകള്‍ ഉയര്‍ത്തുന്നതും നിര്‍ബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ അവതരിപ്പിച്ച പുതിയ ബില്‍ വരും ആഴ്ചകളില്‍ സഭയില്‍ വിശദമായ ചര്‍ച്ചയ്ക്കായി കൊണ്ടുവരുമെന്ന് ടൈലര്‍ ഡെസ്റോച്ചസ് അറിയിച്ചു.
