Saturday, November 21, 2026

അതിവേഗ റെയില്‍ പദ്ധതി: കാനഡയുടെ GDPയില്‍ പ്രതിവര്‍ഷം 24.5 ബില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാകും: റിപ്പോര്‍ട്ട്

ഓട്ടവ: കെബെക്ക് സിറ്റിയെയും ടൊറന്റോയെയും ബന്ധിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ആള്‍ട്ടോ (Alto) അതിവേഗ റെയില്‍ പാത കാനഡയുടെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 24.5 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 2,450 കോടി കനേഡിയന്‍ ഡോളര്‍) അധിക വളര്‍ച്ച നല്‍കുമെന്ന് പുതിയ പഠനം. കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ അവിസിയോ കോണ്‍സെയില്‍ (Aviseo Conseil) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

ഏകദേശം 1,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ അതിവേഗ റെയില്‍ പാത യാഥാര്‍ത്ഥ്യമാകുന്നതോടെ കെബെക്ക് സിറ്റിയില്‍ നിന്ന് ടൊറന്റോയിലേക്കുള്ള യാത്രാസമയം നാല് മണിക്കൂര്‍ 30 മിനിറ്റായി കുറയും. ത്രീ-റിവിയേഴ്സ് (Trois-Rivières), ലാവല്‍, മോണ്‍ട്രിയല്‍, ഒട്ടാവ, പീറ്റര്‍ബറോ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും. 60 ബില്യണ്‍ മുതല്‍ 90 ബില്യണ്‍ ഡോളര്‍ വരെയാണ് പദ്ധതിയുടെ ചെലവ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

കാനഡയിലെ ജനസംഖ്യയുടെ 41 ശതമാനവും താമസിക്കുന്നതും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (GDP) 40 ശതമാനവും സംഭാവന ചെയ്യുന്ന പ്രധാന സാമ്പത്തിക ഇടനാഴിയാണ് കെബെക്ക് സിറ്റി-ടൊറന്റോ മേഖല. പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ വേഗത്തില്‍ ബന്ധിപ്പിക്കുന്നത് വഴി രാജ്യത്തിന്റെ ദീര്‍ഘകാല ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ പദ്ധതി സഹായിക്കുമെന്ന് അവിസിയോ സഹസ്ഥാപകന്‍ ജീന്‍-പിയറി ലെസാര്‍ഡ് പറഞ്ഞു.

പദ്ധതി വൈകുന്നത് വലിയ നഷ്ടമുണ്ടാക്കും

പദ്ധതി നടപ്പാക്കാതിരിക്കുന്നത് കാനഡയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 2050-ഓടെ ഈ ഇടനാഴിയിലെ ജനസംഖ്യയില്‍ 30 ലക്ഷത്തോളം ആളുകളുടെ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള വിമാന സര്‍വീസുകളിലെ മത്സരക്കുറവും, ചരക്ക് തീവണ്ടികളുമായി പാളങ്ങള്‍ പങ്കിടേണ്ടി വരുന്നതിനാല്‍ വിയ റെയില്‍ (VIA Rail) നേരിടുന്ന കാലതാമസവും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

നിലവിലെ 80 ദശലക്ഷം വാര്‍ഷിക യാത്രകള്‍ 2059-ഓടെ 115 ദശലക്ഷമായി ഉയരും. അതിവേഗ റെയില്‍ വന്നില്ലെങ്കില്‍, ഈ തിരക്ക് നിയന്ത്രിക്കാനായി 2050-ഓടെ കെബെക്കിലെയും ഒന്റാരിയോയിലെയും നിലവിലുള്ള റോഡ്-റെയില്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ മാത്രം 50 ബില്യണ്‍ ഡോളറിലധികം ചെലവഴിക്കേണ്ടി വരുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

മണ്‍ട്രിയോളിനെ ഓട്ടവയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണം 2029-ല്‍ ആരംഭിക്കാനാണ് ആള്‍ട്ടോ ലക്ഷ്യമിടുന്നത്. എട്ട് വര്‍ഷമെടുത്താകും ആദ്യഘട്ടം പൂര്‍ത്തിയാക്കുക. അതേസമയം, ഭൂവുടമകളില്‍ നിന്നും വിവിധ മുനിസിപ്പാലിറ്റികളില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും പദ്ധതിക്കെതിരെ എതിര്‍പ്പുകളും ഉയരുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!