Saturday, November 21, 2026

വിദേശത്ത് ഡാറ്റാ സെന്റര്‍ നിര്‍മിച്ചാല്‍ കനത്ത നികുതി; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ ടെക്ക് കമ്പനികള്‍ക്ക് മേല്‍ ”വന്‍തോതിലുള്ള നികുതി” (tremendous tax) ചുമത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറയിപ്പ്. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കന്‍ കമ്പനികളെ രാജ്യത്തിന് പുറത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, എന്നാല്‍ ഈ നിര്‍ദ്ദേശത്തിന്റെ വിശദാംശങ്ങള്‍ ഉദ്യോഗസ്ഥരുമായി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും നികുതി എങ്ങനെയാണ് നടപ്പിലാക്കുകയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും പറഞ്ഞു.

കമ്പ്യൂട്ടര്‍ ചിപ്പുകളുടെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദേശത്തേക്ക് മാറ്റാന്‍ ടെക് കമ്പനികളെ അനുവദിച്ച മുന്‍ ഭരണകൂടങ്ങളുടെ നടപടി രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫിന്‍ലാന്‍ഡില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു പദ്ധതിയെ പ്രത്യേകം പരാമര്‍ശിച്ചുകൊണ്ട്, വിദേശ രാജ്യങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന കമ്പനികള്‍ക്ക് കനത്ത സാമ്പത്തിക പിഴ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

നവംബര്‍ 3-ന് നടന്ന യു.എസ് ഇടക്കാല തിരഞ്ഞെടുപ്പില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഡാറ്റാ സെന്ററുകളുടെ അതിവേഗത്തിലുള്ള വ്യാപനത്തിനെതിരെ പ്രാദേശിക സമൂഹങ്ങളില്‍ നിന്ന് വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇവയുടെ അമിതമായ വൈദ്യുതി, ജല ഉപയോഗമായിരുന്നു പ്രധാന ആശങ്ക. എന്നാല്‍, ഇത്തരം കേന്ദ്രങ്ങളെ എതിര്‍ക്കുന്നതിന് പകരം സ്വാഗതം ചെയ്യണമെന്ന് ട്രംപ് അമേരിക്കന്‍ സമൂഹങ്ങളോട് ആവശ്യപ്പെട്ടു. വെസ്റ്റ് വിര്‍ജീനിയ പോലുള്ള നിരവധി പ്രദേശങ്ങള്‍ നിക്ഷേപങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും, ഡാറ്റാ സെന്ററുകള്‍ പ്രാദേശികമായി വലിയ നികുതി വരുമാനവും സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ചൈനയുമായുള്ള മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഈ വിഷയത്തെ അവതരിപ്പിച്ചത്. വിദേശത്ത് ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ണ്ണായകമായ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളിലേക്ക് ചൈനയ്ക്ക് പ്രവേശനം നല്‍കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം വാദിച്ചു. അടുത്തിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിശക്തമായി മാറുന്ന സാഹചര്യത്തില്‍ അതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇരുവരും ധാരണയായതായും ട്രംപ് വെളിപ്പെടുത്തി. നിലവില്‍ എ.ഐ രംഗത്ത് അമേരിക്കയാണ് ഒന്നാമതെന്നും ചൈന രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മികച്ച എ.ഐ മോഡലുകള്‍ പരിശീലിപ്പിക്കുന്നതിനായി അമേരിക്കന്‍ ഹാര്‍ഡ്വെയറുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ തടയുന്നതിനായി, നൂതന യു.എസ് കമ്പ്യൂട്ടിംഗ് ചിപ്പുകളിലേക്കും സെര്‍വറുകളിലേക്കുമുള്ള വിദൂര പ്രവേശനം (remote access) നിയന്ത്രിക്കുന്ന പുതിയ നിയമങ്ങള്‍ ഈ ആഴ്ച ആദ്യം ട്രംപ് ഭരണകൂടം കൊണ്ടുവന്നിരുന്നു. അതേസമയം, വിദേശ ഡാറ്റാ സെന്റര്‍ നിര്‍മ്മാണത്തിന് മേല്‍ ഏര്‍പ്പെടുത്തുന്ന വ്യാപകമായ നികുതി ആമസോണ്‍, മൈക്രോസോഫ്റ്റ്, ഗൂഗിള്‍ തുടങ്ങിയ പ്രമുഖ യു.എസ് ക്ലൗഡ് സേവന ദാതാക്കളുടെ ആഗോള പ്രവര്‍ത്തനങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്ന് വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!