Tuesday, November 24, 2026

44 മണിക്കൂർ ചർച്ചയും പരാജയം; ആഗോള കാലാവസ്ഥാ ഉച്ചകോടി തീരുമാനമില്ലാതെ പിരിഞ്ഞു

അങ്കാറ: ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള നിർണായക തീരുമാനങ്ങൾ പ്രതീക്ഷിച്ചിരുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി (COP31) പ്രധാന കരാറുകളൊന്നുമില്ലാതെ അവസാനിച്ചു. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അന്തിമ കരാറിൽ ഉൾപ്പെടുത്തണമോ എന്ന തർക്കമാണ് ഉച്ചകോടിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്.

തുർക്കിയിലെ അന്റാല്യയിൽ നടന്ന ഉച്ചകോടിയിൽ തുർക്കി–ഓസ്‌ട്രേലിയ സംയുക്ത നേതൃത്വം മുന്നോട്ടുവെച്ച അന്തിമ കരടിൽ എണ്ണ, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെക്കുറിച്ച് പരാമർശമില്ലാത്തതാണ് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ എതിർപ്പിന് കാരണമായത്.

ഉച്ചകോടി അവസാനിക്കേണ്ട നിശ്ചിത സമയപരിധി കഴിഞ്ഞും 44 മണിക്കൂറിലേറെ ചർച്ചകൾ തുടർന്നെങ്കിലും അംഗരാജ്യങ്ങൾക്കിടയിൽ സമവായത്തിലെത്താനായില്ല. അന്തിമ കരാറിന് പങ്കാളിത്ത രാജ്യങ്ങളുടെ ഏകകണ്ഠമായ പിന്തുണ ആവശ്യമായതിനാൽ ധാരണയിലെത്താതെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്നതിനുള്ള വ്യക്തമായ പ്രതിജ്ഞ കരാറിൽ ഉൾപ്പെടുത്തണമെന്ന് ഫ്രാൻസും പാനമയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്ന നിലപാടാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങൾ സ്വീകരിച്ചത്.

ഇതിനിടെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണമെന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ആവശ്യവും ചർച്ചകളിൽ നിർണായക വിഷയമായി.

ഇറാനിലെ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജപ്രതിസന്ധിയും എൽനിനോ പ്രതിഭാസവും കാലാവസ്ഥാ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുന്ന സാഹചര്യത്തിലാണ് ഉച്ചകോടി തീരുമാനങ്ങളില്ലാതെ അവസാനിച്ചത്.

ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള മാറ്റം, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള സാമ്പത്തിക സഹായം തുടങ്ങിയ വിഷയങ്ങളിൽ അടുത്ത വർഷം എത്യോപ്യയിൽ നടക്കുന്ന ചർച്ചകളിൽ തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!