കെബെക്: കാനഡയിലെ ആദ്യ അതിവേഗ റെയില്‍ പദ്ധതിയായ ‘ആള്‍ട്ടോ’യ്ക്കായി (Alto) നിലവിലുള്ള ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങളും നിയന്ത്രണങ്ങളും ഒഴിവാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. നവംബര്‍ 20-ന് അവതരിപ്പിച്ച 521 പേജുള്ള 2026 ബജറ്റ് നടപ്പാക്കല്‍ ബില്ലിന്റെ കരടിലാണ് ഇതുസംബന്ധിച്ച നിര്‍ണ്ണായക നിര്‍ദ്ദേശങ്ങളുള്ളത്. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ പൊതുതെളിവെടുപ്പുകള്‍ പോലുമില്ലാതെ സ്വകാര്യ ഭൂമി ഏറ്റെടുക്കാനും, ഭൂമിയുടെ ഉടമസ്ഥാവകാശം നേരിട്ട് സ്വകാര്യ കണ്‍സോര്‍ഷ്യത്തിന് കൈമാറാനും സര്‍ക്കാരിന് സാധിക്കും.
റെയില്‍വേ റീലൊക്കേഷന്‍ ആന്‍ഡ് ക്രോസിംഗ് ആക്ട്, എക്‌സ്‌പ്രോപ്രിയേഷന്‍ ആക്ട് തുടങ്ങിയ സുപ്രധാന നിയമങ്ങളില്‍ നിന്ന് ആള്‍ട്ടോ പദ്ധതിക്ക് പൂര്‍ണ്ണ ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ടൊറന്റോയെയും കെബെക് സിറ്റിയെയും ബന്ധിപ്പിക്കുന്ന ഈ പദ്ധതിക്കെതിരെ കര്‍ഷകരും ഭൂവുടമകളും മുനിസിപ്പാലിറ്റികളും നേരത്തെ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആധുനിക കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയായിരിക്കും ഇതെന്ന് ഭൂവിനിയോഗ നിയമവിദഗ്ധനായ അജയ് ഗജാരിയ വിലയിരുത്തുന്നു.

കരട് ബില്ലിലെ പ്രധാന വ്യവസ്ഥകള്‍:
ഭൂമി ഏറ്റെടുക്കണോ എന്ന് അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് തന്നെ എട്ട് വര്‍ഷം വരെ ഭൂമിയുടെ അവകാശങ്ങള്‍ മരവിപ്പിക്കാനും, നാല് വര്‍ഷം വരെ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കാനും പുതിയ ബില്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നു.
ഈ കാലയളവില്‍ ഗതാഗത മന്ത്രിയുടെ പ്രത്യേക അനുമതിയില്ലാതെ ഭൂവുടമകള്‍ക്ക് പുതിയ നിര്‍മ്മാണങ്ങളോ അറ്റകുറ്റപ്പണികളോ നടത്താന്‍ കഴിയില്ല. അനുമതിയില്ലാതെ നിര്‍മ്മാണങ്ങള്‍ നടത്തിയാല്‍ അതിന്റെ മൂല്യം നഷ്ടപരിഹാരത്തില്‍ ഉള്‍പ്പെടുത്തില്ല.
ഭൂമി ഏറ്റെടുക്കല്‍ നോട്ടീസില്‍ ഏത് ഭാഗമാണ് ഏറ്റെടുക്കുന്നതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍, ആ ഭൂമിയുടെ 100 ശതമാനം അവകാശവും സര്‍ക്കാരിലേക്ക് വന്നുചേരുന്ന തരത്തിലുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്.
മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ക്കായി സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ, കൃഷിയിടങ്ങളിലും ഗ്രാമീണ റോഡുകളിലും സാധാരണ ലെവല്‍ ക്രോസിംഗുകള്‍ക്ക് പകരം കോണ്‍ക്രീറ്റ് മേല്‍പ്പാലങ്ങളോ അടിപ്പാതകളോ നിര്‍മ്മിക്കേണ്ടി വരും.
ഭൂമി വിഭജിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ സ്വകാര്യ മധ്യസ്ഥതയിലേക്ക് വിടാനും, ഇതിന്റെ ചെലവ് ഇരുപക്ഷവും തുല്യമായി വഹിക്കാനും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. സ്വന്തം വക്കീല്‍ ഫീസിന് പുറമെ 25,000 ഡോളര്‍ വരെ ഭൂവുടമകള്‍ നല്‍കേണ്ടി വരുന്നതും, ക്രോസിംഗുകളുടെ നിര്‍മ്മാണ-പരിപാലന ചെലവിന്റെ ഒരു വിഹിതം ഭൂവുടമകളില്‍ നിന്ന് ഈടാക്കാന്‍ മധ്യസ്ഥര്‍ക്ക് അധികാരം നല്‍കുന്നതും തികച്ചും അന്യായമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ടൊറന്റോ-കെബെക് സിറ്റി ഇടനാഴിയിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ പ്രതിവര്‍ഷം ഏകദേശം 24.5 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് ആള്‍ട്ടോ നടത്തിയ പഠനം അവകാശപ്പെടുന്നത്. കാനഡയുടെ വളരുന്ന ഗതാഗത ആവശ്യങ്ങള്‍ക്കുള്ള വിപ്ലവകരമായ ചുവടുവെപ്പായാണ് ഫെഡറല്‍ സര്‍ക്കാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
എന്നാല്‍, പുതിയ ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ബ്ലോക്ക് ക്യുബെക്കോയിസും ഭൂമി ഏറ്റെടുക്കല്‍ നയങ്ങളെ മുന്‍നിര്‍ത്തി പദ്ധതിയെ ശക്തമായി എതിര്‍ക്കുകയാണ്. അതിവേഗ റെയില്‍ വികസനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഭൂമി ഏറ്റെടുക്കലിലെ കാര്‍ണി സര്‍ക്കാരിന്റെ അമിതാധികാര പ്രയോഗത്തോട് കടുത്ത വിയോജിപ്പുണ്ടെന്ന് എന്‍ഡിപി (NDP) നേതാവ് അവി ലൂയിസ് വ്യക്തമാക്കി.
