പ്യൂര്‍ട്ടോറിക്കോയിലെ റാംപിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യയും കേരളവും. ചരിത്രത്തിലാദ്യമായി മലയാളി പെണ്‍കുട്ടി മിസ് യൂണിവേഴ്സ് വേദിയില്‍ മാറ്റുരയ്ക്കുന്നു. ഇന്ത്യന്‍ മല്‍സരാര്‍ഥിയായ പത്തൊന്‍പതുകാരി കെസിയ ലിസ് മെജോ ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മത്സരത്തിന്റെ പ്രാഥമിക റൗണ്ടുകളില്‍ മികച്ച പ്രകടനങ്ങളാണ് കെസിയ കാഴ്ചവെച്ചത്. ദേശീയ വേഷം, സ്വിംസ്യൂട്ട്, ഈവനിങ് ഗൗണ്‍ എന്നീ വിഭാഗങ്ങളിലെ പ്രകടനത്തിലൂടെ കെസിയ ശ്രദ്ധ നേടി.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഇന്ത്യയുടെ പരമ്പരാഗത വസ്ത്രകലയും സമന്വയിപ്പിച്ച ദേശീയ വേഷമാണ് കെസിയ അവതരിപ്പിച്ചത്. പതിനാറുപേര്‍ ചേര്‍ന്ന് അഞ്ചുദിവസം കൊണ്ടാണ് ഈ വസ്ത്രം ഒരുക്കിയത്.

സ്വിംസ്യൂട്ട് റൗണ്ടില്‍ നീല നിറത്തിലുള്ള വസ്ത്രത്തില്‍ ആത്മവിശ്വാസത്തോടെ റാംപിലെത്തിയ കെസിയ, ഈവനിങ് ഗൗണ്‍ റൗണ്ടില്‍ സ്വര്‍ണനിറവും നീലയും സമന്വയിപ്പിച്ച വസ്ത്രത്തിലാണ് പ്രത്യക്ഷപ്പെട്ടത്. കെസിയയുടെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അബുദാബിയില്‍ ബിസിനസുകാരനായ ഹരിപ്പാട് മുട്ടം കിണറ്റുകരയില്‍ മെജോ ഏബ്രഹാമിന്റെയും പത്തനംതിട്ട കടമ്മനിട്ട സ്വദേശി സുജ മെജോയുടെയും മകളാണ് കെസിയ. അബുദാബിയില്‍ വളര്‍ന്ന കെസിയ ബെംഗളൂരു മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ രണ്ടാം വര്‍ഷ നിയമവിദ്യാര്‍ഥിനിയാണ്. 2021ലാണ് അവസാനമായി വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിയത്. ചണ്ഡിഗഡില്‍ നിന്നുള്ള മോഡല്‍ ഹര്‍നാസ് സന്ധുവായിരുന്നു ആ വര്‍ഷം വിശ്വസുന്ദരി കിരീടം ചൂടിയത്.
ഇന്ത്യന്‍ സമയം നാളെ രാവിലെ ആറരയ്ക്കാണ് ഫൈനല്‍ മല്‍സരം നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 116 മത്സരാര്‍ഥികളാണ് ഇത്തവണ വിശ്വസുന്ദരിപ്പട്ടത്തിനായി മാറ്റുരയ്ക്കുന്നത്. നവംബര്‍ 24നാണ് ഗ്രാന്‍ഡ് ഫിനാലെ. സുസ്മിത സെന്‍, ലാറ ദത്ത, ഹര്‍നാസ് സന്ധു എന്നിവര്‍ക്കുശേഷം ഇന്ത്യയിലേക്ക് നാലാമത്തെ വിശ്വസുന്ദരിപ്പട്ടം എത്തിക്കാന്‍ കെസിയയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
