ഓട്ടവ: കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ഒരുകാലത്ത് ലോകത്തിന് മാതൃകയായിരുന്ന കാനഡയുടെ നയങ്ങൾ ഇപ്പോൾ കടുത്ത വിമർശനം നേരിടുന്നു. കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന് കഴിയുമോ എന്നതിൽ വിദഗ്ധരും രാഷ്ട്രീയ നേതാക്കളും ആശങ്ക പ്രകടിപ്പിക്കുന്നു. വെള്ളപ്പൊക്കം, കാട്ടുതീ, ഉഷ്ണതരംഗം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ വരുംവർഷങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥാ വിഷയത്തിൽ കാനഡയുടെ ആഗോള വിശ്വാസ്യത നഷ്ടപ്പെടുകയാണെന്ന് ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ എം.പി വിൽ ഗ്രീവ്സ് ആരോപിച്ചു. ടൊറന്റോ സ്റ്റാറിൽ എഴുതിയ ലേഖനത്തിലാണ് സർക്കാരിന്റെ കാലാവസ്ഥാ നയങ്ങൾക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാലം മുതൽ പാർട്ടിക്കുള്ളിൽ ഈ വിഷയം ചർച്ചയാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, 2050-ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ പരമാവധി കുറച്ച് നെറ്റ് സീറോ ലക്ഷ്യം കൈവരിക്കാനുള്ള പാരീസ് കാലാവസ്ഥാ ഉടമ്പടിയിലെ പ്രതിബദ്ധതയിൽ സർക്കാർ ഉറച്ചുനിൽക്കുന്നതായി പരിസ്ഥിതി മന്ത്രി ജൂലി ഡാബ്രൂസിൻ അറിയിച്ചു. എന്നാൽ ഈ ലക്ഷ്യങ്ങൾ കാനഡയ്ക്ക് കൈവരിക്കാനാകില്ലെന്ന് മുൻ പരിസ്ഥിതി മന്ത്രിമാരായ കാതറിൻ മക്കെന്നയും സ്റ്റീവൻ ഗിൽബോൾട്ടും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
2040 വരെയും കാലാവസ്ഥാ ദുരന്തങ്ങൾ തുടരും
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നിയന്ത്രിക്കാൻ ഇനി ശ്രമിച്ചാലും 2040 വരെ അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞ ഡോ. അനബെല ബോണഡ മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്കം, കാട്ടുതീ, കടുത്ത ചൂട് തുടങ്ങിയ പ്രതിഭാസങ്ങൾ കൂടുതൽ രൂക്ഷമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ രാജ്യം ആവശ്യമായ വേഗത്തിൽ മുന്നോട്ടുപോകുന്നില്ലെന്നും നിലവിലെ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ അനിവാര്യമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു.

മരുന്ന് വിതരണത്തെയും ബാധിക്കുന്നു
കാലാവസ്ഥാ വ്യതിയാനം ആരോഗ്യരംഗത്തും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ച് തുടങ്ങി. വെള്ളപ്പൊക്കവും കാട്ടുതീയും കാരണം ഫാർമസികൾ ദിവസങ്ങളോളം അടച്ചിടേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന് ഓട്ടവയിലെ ഫാർമസിസ്റ്റ് ഷെല്ലിസ സജ്വാനി പറഞ്ഞു.
ദുരന്തങ്ങളെത്തുടർന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുമ്പോൾ അവർക്ക് ആവശ്യമായ മരുന്നുകൾ കൃത്യസമയത്ത് എത്തിക്കുന്നതും വെല്ലുവിളിയാകുന്നുണ്ട്. ഈ പ്രശ്നങ്ങൾ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 31-ലും അവർ ഉന്നയിച്ചിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തണം
പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിച്ചാലും ഇല്ലെങ്കിലും വരുംവർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തുടരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ ദുരന്തങ്ങളെ നേരിടാൻ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും അവർ നിർദേശിക്കുന്നു.
റോഡുകൾ, ആശുപത്രികൾ, മരുന്ന് വിതരണ ശൃംഖലകൾ എന്നിവ കാലാവസ്ഥാ ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന രീതിയിൽ നവീകരിക്കേണ്ടതിന്റെ ആവശ്യകതയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനൊപ്പം അതിന്റെ അനിവാര്യമായ പ്രത്യാഘാതങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും കാനഡയ്ക്ക് നിർണായകമാകുകയാണ്.
