ടൊറൻ്റോ : ഒന്റാറിയോ മുൻ എൻഡിപി നേതാവ് ആൻഡ്രിയ ഹോർവാത്ത്, ഹാമിൽട്ടൺ മേയർ സ്ഥാനത്തേക്കുള്ള തന്റെ സ്ഥാനാർത്ഥിത്വം ഇന്ന് പ്രഖ്യാപിക്കും. സ്ഥാനമൊഴിയുന്ന മേയർ ഫ്രെഡ് ഐസൻബെർഗർ വീണ്ടും അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞതോടെയാണ് മത്സരത്തിന് കളമൊരുങ്ങിയത്.
2004-ൽ എംപിപിയായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് ഹോർവാത്ത് വർഷങ്ങളോളം ഹാമിൽട്ടൺ സിറ്റി കൗൺസിലറായിരുന്നു. 2009-ൽ ഒന്റാറിയോ എൻഡിപിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പാർട്ടിയെ നാല് തിരഞ്ഞെടുപ്പുകളിലേക്ക് നയിച്ചു. ജൂണിൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തോൽവിയെത്തുടർന്ന്, ഒന്റാറിയോ എൻഡിപി നേതാവ് സ്ഥാനം ഒഴിയുകയായിരുന്നു.
നിരവധി സ്ഥാനാർത്ഥികൾ മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുൻ മേയറും ലിബറൽ എംപിയുമായ റോബർട്ട് ബ്രാറ്റിന, മുൻ മേയർ സ്ഥാനാർത്ഥിയും ടാക്സി യൂണിയൻ നേതാവുമായ ഇജാസ് ബട്ട്, മുൻ ഹാമിൽട്ടൺ ചേംബർ ഓഫ് കൊമേഴ്‌സ് സിഇഒ കീനിൻ ലൂമിസ് എന്നിവർ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
നോമിനേഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19 ആണ്. ഒക്ടോബർ 24-നാണ് തിരഞ്ഞെടുപ്പ് നടക്കുക.
