കോവിഡിനെതിരായ പോരാട്ടത്തില്‍ ഉത്തര കൊറിയ വിജയം നേടിയതായി ഭരണാധികാരി കിം ജോങ് ഉന്‍. രണ്ടാഴ്ചയായി പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് കിമ്മിന്റെ പ്രഖ്യാപനം. ആരോഗ്യ പ്രവര്‍ത്തകരുമായും ശാസ്ത്രജ്ഞരുമായും ഒരു മീറ്റിംഗിലായിരുന്നു കിംമിന്റെ പ്രഖ്യാപനം.
‘നമ്മുടെ ജനങ്ങള്‍ നേടിയ വിജയം, നമ്മുടെ രാഷ്ട്രത്തിന്റെ മഹത്വവും നമ്മുടെ ജനങ്ങളുടെ അദമ്യമായ ദൃഢതയും നാം അഭിമാനിക്കുന്ന മനോഹരമായ ദേശീയ ആചാരങ്ങളും എന്താണെന്ന് ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചുകൊടുത്ത ഒരു ചരിത്ര സംഭവമാണ്’ എന്ന് കിം പറഞ്ഞു. കിമ്മിന്റെ പ്രസംഗത്തിനൊടുവില്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ‘ഹുറേ’ എന്ന് ഉച്ചത്തില്‍ ആര്‍പ്പുവിളിച്ചു. പങ്കെടുത്തവരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കിം ഒരു ഫോട്ടോ സെഷനും നടത്തിയാണ് കിം മടങ്ങിയത്.
കോവിഡ് പൊട്ടിപ്പുറപ്പെട്ട് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒരു അണുബാധ പോലും ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട ഉത്തരകൊറിയയില്‍ കഴിഞ്ഞ മേയിലാണ് തലസ്ഥാനമായ പ്യോങ്യാങ്ങില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു. ജൂലൈ 29 മുതല്‍, പ്യോങ്യാങില്‍ പുതിയ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഏപ്രില്‍ അവസാനം മുതല്‍ ഉത്തര കൊറിയയില്‍ ഏകദേശം 4.8 ദശലക്ഷം അണുബാധകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കെ.സി.എന്‍.എയുടെ കണക്കനുസരിച്ച് 74 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ മോശം സജ്ജീകരണങ്ങളുള്ള ആശുപത്രികളും കുറച്ച് തീവ്രപരിചരണ വിഭാഗങ്ങളും കോവിഡ് ചികിത്സാ മരുന്നുകളോ വാക്‌സിനുകളോ ഇല്ലാത്ത ലോകത്തിലെ ഏറ്റവും മോശം ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നാണ് രാജ്യത്തുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു വിപരീതമാണ് ദക്ഷിണ കൊറിയ. നൂതന ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുമാണ് ദക്ഷിണ കൊറിയയില്‍. ഔദ്യോഗിക കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണനിരക്ക് 0.12 ശതമാനമാണ്.
