മോൺട്രിയൽ : മോൺട്രിയലിലെ ലാസല്ലെ ബറോയിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി മോൺട്രിയൽ പോലീസ്. വ്യാഴാഴ്ച രാവിലെ, മൂന്ന് കുട്ടികളുടെ അമ്മയായ ഗിസെലെ ഇറ്റാലെ ബെടോണ്ടി (29)യാണ് കുത്തേറ്റ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. കേസിൽ 50 കാരനായ ഹോസിയ അമോറസ് പുഹ്യയാണ് അറസ്റ്റിലായത്.
രാവിലെ 8:45ഓടെ ഡെസ് ഒബ്ലാറ്റ്സ്, വാങ്ക്ലിൻ സ്ട്രീറ്റുകളുടെ സമീപമാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് കുത്തേറ്റ നിലയിൽ ഗിസെലെ ഇറ്റാലെ ബെടോണ്ടിയെ കണ്ടെത്തി.
ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിന് പുറത്തുള്ള ഔട്ട്ഡോർ പാർക്കിംഗ് സ്ഥലത്താണ് സംഭവം നടന്നതെന്നും ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നും പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഗിസെലെ ഇറ്റാലെ ബെടോണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചതായി പോലീസ് അറിയിച്ചു. മോൺട്രിയലിൽ ഈ വർഷം നടക്കുന്ന 22-ാമത്തെ കൊലപാതകമാണിതെന്ന് പോലീസ് പറയുന്നു.
സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിന്നീട് പിടികൂടിയതായി പോലീസ് പറഞ്ഞു.
ഫെബ്രുവരിയിൽ ഇയാൾക്കെതിരെ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. നവംബർ 1 ന് ആ കേസിൽ വിചാരണ നടക്കാനിരിക്കുകയാണ്.
