ഡൽഹി : നിർണ്ണായകമായ മൂന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 100 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ഇന്ത്യ മറികടന്നു.
ഇന്ത്യയ്ക്കുവേണ്ടി ശുഭ്മാൻ ഗിൽ 57 പന്തിൽ 49 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി ഗില്ലിന് പുറമെ 28 റൺസുമായി ശ്രേയസ് അയ്യറും തിളങ്ങി. ശ്രേയസ് അയ്യർ സിക്സറടിച്ചാണ് വിജയ റൺസ് നേടിയത്. ജയത്തോടെ ഇന്ത്യക്ക് പരമ്പരയും സ്വന്തമായി. 49 റൺസ് നേടിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 99 റൺസെടുത്തു പുറത്താകുകയായിരുന്നു. ഇന്ത്യക്കെതിരായ ഏറ്റവും കുറഞ്ഞ ഏകദിന സ്കോർ എന്ന നാണക്കേടും പേറിയാണ് ദക്ഷിണാഫ്രിക്ക പവലിയനിലേക്ക് മടങ്ങിയത്. ഏകദിന ചരിത്രത്തിൽ 100ന് താഴെയുള്ള സ്കോറിന് ദക്ഷിണാഫ്രിക്ക പുറത്താകുന്നത് ഇത് കേവലം നാലാം തവണയാണ്.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഹെൻറിക് ക്ളാസൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 34 റണ്‍സെടുത്ത ഹെയ്ന്റിച്ച് ക്ലാസനാണ് ടീമിന്റെ ടോപ്സ്കോറര്‍. ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വെറും മൂന്നുപേര്‍മാത്രമാണ് രണ്ടക്കം കടന്നത്. 4.1 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ തിളങ്ങിയത്. വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഷഹബാസ് അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
