പാറശാല ഷാരോണ്‍ വധക്കേസില്‍ കുറ്റപത്രം അടുത്തയാഴ്ച കോടതിയിൽ സമർപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം. ഷാരോണിന്റേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാനാണ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് തിരഞ്ഞെടുത്തതെന്ന് കുറ്റപത്രം പറയുന്നു. ഷാരോണിന്റെ കൊലപാതകത്തില്‍ ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും തുല്യപങ്കെന്നും കുറ്റപത്രത്തിലുണ്ട്.
സൈനികനുമായുളള വിവാഹം ഉറപ്പിച്ചതോടെ ഷാരോണുമായുളള പ്രണയം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ പല തന്ത്രങ്ങളും മെനഞ്ഞതായാണ് കുറ്റപത്രത്തിലുളളത്. ജാതി പ്രശ്നം മുതല്‍ ജാതക പ്രശ്നം വരെ ഗ്രീഷ്മ പയറ്റിനോക്കി. എന്നാല്‍, ഷാരോണ്‍ പിന്മാറില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗ്രീഷ്മ കൊലപാതകത്തിന് തന്ത്രങ്ങളാവിഷ്കരിച്ചതെന്നാണ് കുറ്റപത്രം പറയുന്നത്. പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഗ്രീഷ്മ കഷായത്തില്‍ വിഷം കലക്കി ഷാരോണിനെ വകവരുത്തിയത്. വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ച് വട്ടം വധശ്രമം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. ഇതെല്ലാം പരാജയപ്പെട്ടതോടെ ഗൂഗിളില്‍ സെർച്ച് ചെയ്താണ് കഷായത്തില്‍ വിഷം കലർത്താനുളള തീരുമാനത്തിലേക്ക് ഗ്രീഷ്മയെത്തിയത്.
വിഷം ഉള്ളില്‍ ചെന്നാല്‍ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നും ഗ്രീഷ്മ മനസിലാക്കിയിരുന്നതായി കുറ്റപത്രത്തിലുണ്ട്. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയിലാണ് ഗ്രീഷ്മ കഷായത്തില്‍ വിഷം കലർത്താന്‍ തീരുമാനിച്ചതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല. പക്ഷേ, കൊലപാതകം നടക്കുമെന്നത് ഉള്‍പ്പെടെ ഇവർക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇരുവർക്കും ഗ്രീഷ്മക്കെന്ന പോലെ തുല്യപങ്കുണ്ടെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ഗ്രീഷ്മയുടെയും ഷാരോണിന്റെയും ഫോണുകളിലെ ചാറ്റുകളും ഇരുവരുമൊന്നിച്ചുളള ദൃശ്യങ്ങളുമുള്‍പ്പെടെ ആയിരത്തിലേറ ഡിജിറ്റല്‍ തെളിവുകളും അന്വേഷണ സംഘം വീണ്ടെടുത്തിട്ടുണ്ട്.
