ഇന്ത്യന്‍ നിര്‍മ്മിത ചുമ സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ച വാര്‍ത്ത കെട്ടടങ്ങും മുന്‍പെ മറ്റൊരു ഇന്ത്യന്‍ നിര്‍മ്മിത മരുന്നും ആളെക്കൊല്ലിയാകുന്നു. യുഎസില്‍ ഇന്ത്യന്‍ നിര്‍മ്മിത തുളളിമരുന്ന് കണ്ണിലൊഴിച്ച ആള്‍ മരണപ്പെട്ടു. 5 പേരുടെ കാഴ്ച ശക്തിയും നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
കണ്ണിലൊഴിക്കുന്ന ‘ എസ്രികെയര്‍’ തുള്ളിമരുന്നിനെതിരെയാണ് ആരോപണം. മരുന്ന് കണ്ണിലൊഴിച്ചയാള്‍ മരിച്ചുവെന്നും 5 പേര്‍ക്ക് കാഴ്ച നഷ്ടമായെന്നുമുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മരുന്നിന് യുഎസ് വിലക്കേര്‍പ്പെടുത്തി. മരുന്ന് ഉപയോഗം അടിയന്തരമായി നിര്‍ത്തണമെന്നും അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്നും യുഎസ് പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്‌കെയറാണ് തുള്ളിമരുന്നിന്റെ ഉല്‍പാദകര്‍. പരാതിയെ തുടര്‍ന്ന് ചെന്നൈയിലെ ഫാര്‍മസി ലാബില്‍ ഇന്നലെ അര്‍ധരാത്രിയോടെ പരിശോധന നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
കണ്ണിലെ വരള്‍ച്ച മാറുന്നതിനായി ഉപയോഗിക്കുന്ന കൃത്രിമ കണ്ണുനീരാണ് തുള്ളിമരുന്ന്. തുള്ളിമരുന്നിലെ അപകടകരമായ ബാക്ടീരിയ രക്തം, ശ്വാസകോശം, മുറിവുകള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ച് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നാണു റിപ്പോര്‍ട്ട്. തുള്ളി മരുന്ന് നേരിട്ട് കണ്ണിലേക്ക് ഒഴിച്ച 11 പേരില്‍ അഞ്ചുപേര്‍ക്ക് കാഴ്ച നഷ്ടമായെന്നും യുഎസിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് ഉസ്‌ബെകിസ്ഥാനിലും ഗാംബിയയിലും പന്ത്രണ്ടിലേറെ കുട്ടികള്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കര്‍ശന പരിശോധനകളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ആരോപണം മരുന്ന് കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നും സംശയത്തിന്റെ നിഴലില്‍ ആയത്.