താപനില മൈനസ് 40 ഡിഗ്രി സെൽഷ്യസിനും മൈനസ് 50 ഡിഗ്രി സെൽഷ്യസിനും ഇടയിൽ എത്തിയതോടെ മാരിടൈംസിൽ ഉടനീളം പൈപ്പുകൾ പൊട്ടുന്നതിനും വാഹനാപകടങ്ങൾക്കും വൈദ്യുതി മുടക്കത്തിനും കാരണമായി. ശനിയാഴ്ച, അതിശൈത്യ കാലാവസ്ഥയ്‌ക്കൊപ്പം കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും പ്രശ്‌നം രൂക്ഷമാക്കിയിട്ടുണ്ട്.
മൂന്ന് മാരിടൈം പ്രവിശ്യകളിലും കുറഞ്ഞ താപനില രേഖപ്പെടുത്തിയതോടെ, മഞ്ഞുവീഴ്ചയുടെ അപകടസാധ്യത ഒഴിവാക്കാൻ പ്രദേശത്തുടനീളമുള്ള താമസക്കാർക്ക് പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് മുഖ്യ കാലാവസ്ഥാ നിരീക്ഷകൻ കാലിൻ മിച്ചൽ നിർദ്ദേശിച്ചിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ചൂടുള്ള പാനീയങ്ങളും വസ്ത്രങ്ങളും നൽകുന്നതിനൊപ്പം മാരിടൈമിൽ ഉടനീളം വാമിംഗ് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
നിരവധി തീപിടുത്തങ്ങളും പൈപ്പുകൾ പൊട്ടിയതും വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങളിൽ അഗ്നിശമന സേനാംഗങ്ങളെ തിരക്കിലാക്കിയതിനാൽ മാരിടൈംസിലെ ഒരു ഡസനിലധികം ആളുകളെ ശനിയാഴ്ച അവരുടെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.
മാറ്റിപ്പാർപ്പിച്ച 33 പേർക്ക് കനേഡിയൻ റെഡ് ക്രോസ് വോളന്റിയർമാർ അടിയന്തര അഭയവും ഭക്ഷണവും നൽകി സഹായിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ, വസ്ത്രങ്ങളും മറ്റ് അടിസ്ഥാന ആവശ്യങ്ങളും പോലുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ സന്നദ്ധപ്രവർത്തകർ സഹായിക്കുന്നുണ്ട്.
ഹാലിഫാക്സിൽ, നാല് നിലകളുള്ള അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് സിൽവിയ അവന്യൂവിലെ വീട്ടിൽ നിന്ന് മൂന്ന് പേരെ മാറ്റിപ്പാർപ്പിച്ചു. നോവാ സ്കോഷ്യയിലെ ഹിഗ്ഗിൻസ്‌വില്ലെയിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് രണ്ടു പേരെ വീടിനുള്ളിൽ നിന്നും ഒഴിപ്പിച്ചിരുന്നു. ഇവർ ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നതെന്ന് റെഡ് ക്രോസ് അറിയിച്ചു.
ന്യൂബ്രൗൺസ്വിക് നോട്രെ-ഡാമിലെ റൂട്ട് 115 ന് സമീപമുള്ള ഒരു വീടിന് തീപിടിച്ചതിനെത്തുടർന്ന് ഒരു കുട്ടി അടക്കം നാലു പേരെ ഒഴിപ്പിച്ചു. മോൺക്‌ടണിലും സെന്റ് ജോണിലും പൈപ്പുകൾ പൊട്ടി നിരവധി ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ശീതീകരിച്ച വാട്ടർ പൈപ്പുകൾ ഉരുകാൻ പ്രൊപ്പെയ്ൻ ടോർച്ച് ഉപയോഗിച്ചതിനെ തുടർന്ന് മൊബൈൽ ഹോമിന് തീപിടിച്ച് സാരമായ കേടുപാടുകൾ സംഭവിച്ചതോടെ നോവാ സ്കോഷ്യയിൽ, വുഡ്‌ലോൺ ഡ്രൈവിലെ ആംഹെർസ്റ്റ് മൊബൈൽ ഹോമിൽ നിന്ന് രണ്ട് പേരെ മാറ്റിപ്പാർപ്പിച്ചു.
പവർ ഓട്ടേജുകൾ
ശനിയാഴ്ച എല്ലാ മാരിടൈമുകളും അതിശീത മുന്നറിയിപ്പിന് കീഴിലായതിനാൽ, 16,000-ത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും രാത്രി 10:30 വരെ വൈദ്യുതി തടസ്സം നേരിട്ടിരുന്നു.
“ശക്തമായ കാറ്റ് മരങ്ങൾ വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നതിനും തകരാറുകൾക്കും കാരണമായിട്ടുണ്ട്. അതേസമയം തണുത്ത താപനില കൂടുതൽ വൈദ്യുതി ഉപയോഗത്തിന് കാരണമാകുമെന്നുണ്ട്,” നോവാ സ്കോഷ്യ പവർ വക്താവ് മാറ്റ് ഡ്രോവർ പറഞ്ഞു. 6,218 ഉപഭോക്താക്കളെ ബാധിക്കുന്ന 340 സജീവമായ തകരാറുകൾ നോവാ സ്കോഷ്യ പവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിക്ക കമ്മ്യൂണിറ്റികളിലും രാത്രി 11 മണിയോടെ വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ന്യൂ ബ്രൺസ്‌വിക്കിൽ, 5,414 ഉപഭോക്താക്കൾ ഇരുട്ടിൽ കഴിയുന്നതായി NB പവർ പറയുന്നു.
അതേസമയം, പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ, മാരിടൈം ഇലക്ട്രിക് 20 ഉപഭോക്താക്കളെ ബാധിക്കുന്ന തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
