വേതന വർദ്ധനവ് ആവിശ്യപ്പെട്ട് ആയിരക്കണക്കിന് ജീവനക്കാർ പണിമുടക്കിന് ഒരുങ്ങുന്നതിനിടെ ടാക്സ് ഫയലിംഗ് സമയപരിധി നീട്ടില്ലെന്ന് കാനഡ റവന്യൂ ഏജൻസി. ഓൺലൈൻ വഴിയോ നേരിട്ടോ ടാക്സ് ഫയൽ ചെയ്യാൻ കഴിയുമെന്നതിനാൽ ടി1 ടാക്സ് ഫയലിംഗ് സമയപരിധി നീട്ടാൻ പദ്ധതിയില്ലെന്ന് കാനഡ റവന്യൂ ഏജൻസി വക്താവ് അറിയിച്ചു. ജനങ്ങൾ തങ്ങളുടെ ടാക്സ് റിട്ടേൺ 2023 മെയ് 1-നകം ഫയൽ ചെയ്‌തെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അതോടൊപ്പം കുടിശ്ശികയുള്ള ഏതെങ്കിലും ബാലൻസ് പേയ്‌മെന്റും നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
2022 ലെ ആദായനികുതിയും ആനുകൂല്യ റിട്ടേണുകളും ഫയൽ ചെയ്യുന്നതിനുള്ള മെയ് 1 സമയപരിധി അടുത്തിരിക്കെയാണ് കരാറുകൾ, വേതനം, വിദൂര ജോലികൾ എന്നിവയുമായി ബന്ധപ്പെട്ട പണിമുടക്ക് ആരംഭിക്കുന്നത്. പണിമുടക്കുണ്ടായാൽ, ചില സേവനങ്ങൾ വൈകുകയോ ലഭ്യമല്ലാതിരിക്കുകയോ ചെയ്യുമെന്ന് കാനഡ റവന്യൂ ഏജൻസി (സിആർഎ) മുന്നറിയിപ്പ് നൽകിയിരുന്നു. പ്രത്യേകിച്ചും, ചില ആദായനികുതികളും ആനുകൂല്യ റിട്ടേണുകളും പ്രോസസ്സ് ചെയ്യുന്നതിൽ കാലതാമസമുണ്ടാകാമെന്ന് CRA അറിയിച്ചു.
ബുധനാഴ്ച പണിമുടക്ക് പ്രഖ്യാപിച്ച 122,000 മറ്റ് പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ ഫെഡറൽ ജീവനക്കാർക്ക് പുറമെ യൂണിയൻ ഓഫ് ടാക്‌സേഷൻ എംപ്ലോയീസ് (യുടിഇ), പബ്ലിക് സർവീസ് അലയൻസ് ഓഫ് കാനഡ (പിഎസ്‌എസി) എന്നിവ പ്രതിനിധീകരിക്കുന്ന 35,000-ത്തിലധികം ഏജൻസി ജീവനക്കാരും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ യൂണിയനുകളിലൊന്നായ PSAC, കാനഡയിലെ എല്ലാ പ്രവിശ്യകളിലും പ്രദേശങ്ങളിലുമായി ഏകദേശം 230,000 തൊഴിലാളികളെ പ്രതിനിധീകരിക്കുന്നു, ഇതിൽ ട്രഷറി ബോർഡ് ജോലി ചെയ്യുന്ന 120,000-ലധികം ഫെഡറൽ പബ്ലിക് സർവീസ് തൊഴിലാളികളും CRA-ൽ ജോലി ചെയ്യുന്ന 35,000-ത്തിലധികം പേരും ഉൾപ്പെടുന്നു.
