ടൊറന്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നും ദുരൂഹമായി മോഷ്ടിക്കപ്പെട്ട 20 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണം ഉൾപ്പെടെയുള്ള സാധനങ്ങൾ എയർ കാനഡയുടെ വിമാനത്തിൽ നിന്നാണ് ഇറക്കിയതെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് എയർ കാനഡ വിമാനം ടൊറന്റോ പിയേഴ്സൺ എയർപോർട്ടിൽ ഇറക്കിയത്.
വിമാനക്കമ്പനിയുടെ കാർഗോ ഓപ്പറേഷൻസാണ് മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കൈകാര്യം ചെയ്തിരുന്നതെന്നും അധികൃതർ അറിയിച്ചു. എന്നാൽ, “തങ്ങൾക്ക് ഒരു വിവരവും നൽകാനില്ല” എന്ന് എയർ കാനഡ വക്താവ് അറിയിച്ചു.
ഇന്നലെയാണ് 20 മില്യൺ ഡോളർ വിലമതിക്കുന്ന സ്വർണ്ണവും മറ്റ് ഉയർന്ന മൂല്യമുള്ള വസ്തുക്കളും മോഷണം പോയതായി അധികൃതർ അറിയിച്ചത്. വിമാനത്താവളത്തിലെ ഹോൾഡിംഗ് കാർഗോ ഫെസിലിറ്റിയിലാണ് കവർച്ച നടന്നത്. പ്രതികളെ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും പീൽ റീജിയണൽ പോലീസ് അറിയിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും വിമാനത്താവളത്തിൽ തടസ്സങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പീൽ റീജിയണൽ പോലീസ് ഇൻസ്പെക്ടർ ഡ്യുവെസ്റ്റെയ്ൻ പറഞ്ഞു. കവർച്ച പ്രാദേശിക സംഘടിത ക്രൈം സംഘങ്ങളുമായി ബന്ധപ്പെട്ടതാണോ എന്നോ വ്യക്തമാക്കിയിട്ടില്ല.
സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പീൽ പോലീസ് എയർപോർട്ട് ഡിവിഷന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും ഡ്യുവെസ്റ്റെയ്ൻ അറിയിച്ചു.
ഇന്നലെ സുരക്ഷാ പ്രശ്‌നത്തെത്തുടർന്ന് ടൊറന്റോ പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ട് 18 മിനിറ്റ് നേരത്തേക്ക് ലോക്ക്ഡൗൺ ചെയ്തതായി ഗ്രേറ്റർ ടൊറന്റോ എയർപോർട്ട് അതോറിറ്റി (ജിടിഎഎ) അറിയിച്ചിരുന്നു. എന്നാൽ, ആ സുരക്ഷാ സംഭവത്തിന് തിങ്കളാഴ്ചത്തെ കവർച്ചയുമായി ബന്ധമില്ലെന്ന് ജിടിഎഎ വക്താവ് പറഞ്ഞു.
