ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും കാരണം ഹാലിഫാക്‌സിൽ പടർന്നു പിടിച്ച കാട്ടുതീ ഡസൻ കണക്കിന് വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും നശിപ്പിക്കുകയും ചെയ്തതായി ഹാലിഫാക്‌സ് ഡെപ്യൂട്ടി ഫയർ ചീഫ് ഡേവിഡ് മെൽഡ്രം റിപ്പോർട്ട് ചെയ്തു. തീ അതിവേഗം പടർന്നു പിടിച്ചതിനെ തുടർന്ന് ഹാലിഫാക്‌സ് ഡൗൺടൗണിന് സമീപമുള്ള ടാന്റലോണിൽ നിന്നും 14,000 ആളുകളെ ഒഴിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.
ശക്തമായ കാറ്റും മഴ പെയ്യാൻ സാധ്യത ഇല്ലാത്തതിനാലും തീ നിയന്ത്രണവിധേയമാക്കാൻ ആഴ്ചകൾ എടുക്കുമെന്നും മെൽഡ്രം പറയുന്നു.

നൂറോളം അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തീ നിയന്ത്രിക്കാൻ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിൽ നിന്നുമുള്ള രണ്ട് വാട്ടർ ബോംബറുകൾ ഇന്ന് പ്രകൃതിവിഭവ വകുപ്പിന്റെ രണ്ട് ഹെലികോപ്റ്ററുകൾക്കൊപ്പം ചേരുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ തീപിടിത്തത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്നും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡേവിഡ് മെൽഡ്രം അറിയിച്ചു. ഇതുവരെ എത്ര വീടുകളും ബിസിനസ്സ് സ്ഥാപനങ്ങളും നശിച്ചുവെന്നോ കേടുപാടുകൾ സംഭവിച്ചുവെന്നോ കണ്ടെത്താൻ എമർജൻസി ഉദ്യോഗസ്ഥർ ശ്രമിക്കുന്നതായി മെൽഡ്രം റിപ്പോർട്ട് ചെയ്തു.
