കാൾഗറി : കാട്ടുതീ പുക നഗരത്തിൽ വ്യാപിച്ചതോടെ ഇന്ന് രാവിലെ കാൾഗറിയിൽ സ്പെഷ്യൽ എയർ ക്വാളിറ്റി മുന്നറിയിപ്പ് നൽകിയതായി എൻവയോൺമെന്റ് കാനഡ. കാട്ടുതീ പുക വായുവിന്റെ ഗുണനിലവാരം കുറയുന്നതിനും ചില സമയങ്ങളിൽ വിസിബിലിറ്റി കുറയുന്നതിനും കരണമാകുമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
കുറഞ്ഞ സാന്ദ്രതയിൽ പോലും കാട്ടുതീ പുക എല്ലാവരുടെയും ആരോഗ്യത്തിന് ഹാനികരമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ പുകയുമായുള്ള സമ്പർക്കം കുറയ്ക്കുന്നതിന് ജനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും എൻവയോൺമെന്റ് കാനഡ നിർദ്ദേശിച്ചു. വീടിനു വെളിയിൽ ജോലി ചെയ്യുന്നവർ ഫിറ്റഡ് റെസ്പിറേറ്റർ മാസ്ക് ധരിക്കണമെന്നും പരമാവധി ഔട്ട്ഡോർ ആക്ടിവിറ്റികൾ ഒഴിവാക്കണമെന്നും കാലാവസ്ഥ ഏജൻസി മുന്നറിയിപ്പ് നൽകി.
ഇന്ന് ഉച്ചകഴിഞ്ഞ് മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ടെന്നും കൂടാതെ ശക്തമായ ഇടിമിന്നലും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടായേക്കുമെന്നും ഫെഡറൽ കാലാവസ്ഥാ ഏജൻസി അറിയിച്ചു.
