ഒട്ടാവ : ദേശീയ തലസ്ഥാന മേഖലയിലെ ഓട്ടോ മോഷ്ടാക്കളെക്കുറിച്ചുള്ള മൂന്ന് മാസത്തെ അന്വേഷണത്തെത്തുടർന്ന് 400,000 ഡോളർ വിലമതിക്കുന്ന മോഷ്ടിച്ച വാഹനങ്ങൾ കണ്ടെടുത്തതായി ഒട്ടാവ പോലീസ് റിപ്പോർട്ട് ചെയ്തു. കേസിൽ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ക്യുബക്കിലെ ഗാറ്റിനോ സ്വദേശികളായ മാർക്ക് കൗസ്സി (25), ലഗ്വാഡ് ബൗബ്രെ (23) എന്നിവരാണ് അറസ്റ്റ് ചെയ്തത്.
വാഹനമോഷണം സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ലഭിച്ച സൂചനയെ തുടർന്ന് മാർച്ചിലാണ് അന്വേഷണം ആരംഭിച്ചതെന്നും ഒട്ടാവ പോലീസ് അറിയിച്ചു. മൾട്ടി-ഏജൻസി അന്വേഷണത്തിൽ ഗാറ്റിനോ പോലീസ്, ഒന്റാരിയോ പ്രൊവിൻഷ്യൽ പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി, മോൺട്രിയൽ പോലീസ് എന്നിവരും ഉൾപ്പെട്ടിരുന്നതായി അധികൃതർ പറഞ്ഞു.

മോഷണം പോയ നാല് ഹോണ്ട സിആർവികൾ, ടൊയോട്ട ഹൈലാൻഡർ, ടൊയോട്ട ടാകോമ, രണ്ട് ജീപ്പ് റാംഗ്ലറുകൾ, ഒരു ഡോഡ്ജ് റാം എന്നിവ അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി ഈ മാസം ആദ്യം ക്യുബക്കിലെ ഗാറ്റിനോയിലും ഒട്ടാവയിലും രണ്ട് റെയ്‌ഡുകൾ നടത്തി. പിന്നീട് മെയ് മാസത്തിൽ മോൺട്രിയലിലും ഒരു സെർച്ച് വാറണ്ടും നടപ്പിലാക്കിയതായി ഒട്ടാവ പോലീസ് അറിയിച്ചു.
