ടുണീഷ്യയിലെ കെര്‍കെന ദ്വീപിന് സമീപം കുടിയേറ്റ കപ്പല്‍ മറിഞ്ഞ് നാല് കുടിയേറ്റക്കാര്‍ മരിക്കുകയും 51 പേരെ കാണാതാവുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന എല്ലാ കുടിയേറ്റക്കാരും സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. ഞായറാഴ്ചയാണ് ജുഡീഷ്യല്‍ ഓഫീസര്‍ ഇക്കാര്യം അറിയിച്ചത്.
യൂറോപ്പിലെ മെച്ചപ്പെട്ട ജീവിതത്തിന്റെ പ്രതീക്ഷയില്‍ ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും ദാരിദ്ര്യത്തില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും പലായനം ചെയ്യുന്ന ആളുകള്‍ക്ക് പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ടുണീഷ്യ. ഈ വര്‍ഷം ജനുവരി 1 മുതല്‍ ജൂലൈ 20 വരെ മുങ്ങിമരിച്ച കുടിയേറ്റക്കാരുടെ എണ്ണം 901 ആണെന്നും ഇത് ഞെട്ടിക്കുന്ന കണക്കാണെന്നും ടുണീഷ്യന്‍ ആഭ്യന്തര മന്ത്രി പറഞ്ഞു.
നേരത്തെ മാര്‍ച്ച് 23 ന് നിരവധി ആഫ്രിക്കന്‍ കുടിയേറ്റ ബോട്ടുകള്‍ ടുണീഷ്യയുടെ തെക്കുകിഴക്കന്‍ തീരത്ത് മുങ്ങി. അന്നത്തെ അപകടങ്ങളില്‍ കുറഞ്ഞത് അഞ്ച് പേര്‍ മരിക്കുകയും 33 പേരെ കാണാതാവുകയും ചെയ്തു. ഇവരെല്ലാം മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലെത്താന്‍ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. ഈ വര്‍ഷം ഇറ്റലിയിലെത്തിയ കുറഞ്ഞത് 12,000 കുടിയേറ്റക്കാരാണ് ടുണീഷ്യ വിട്ടതെന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,300 ആയിരുന്നു.