ഓട്ടവ : വർധിച്ചു വരുന്ന ഭവന ചിലവുകൾക്കിടയിലും കൂടുതൽ വിദേശ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനൊരുങ്ങി കാനഡ. ഈ വർഷം ഏകദേശം ഒമ്പത് ലക്ഷം വിദേശ വിദ്യാർത്ഥികളെ സ്വീകരിക്കാനാണ് കാനഡ തയ്യാറെടുക്കുന്നത്. ഒരു ദശാബ്ദം മുൻപു കാനഡയിൽ പഠിക്കാനെത്തിയ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ ഏകദേശം മൂന്നിരട്ടിയാണിത്.
ഐടി, എൻജിനീയറിങ്, ആരോഗ്യസേവനം, ഫിനാൻസ്, നിർമ്മാണം എന്നീ മേഖലകളിൽ വൻ മുന്നേറ്റം തുടരുന്ന കാനഡയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനാൽ രാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠനശേഷം മികച്ച തൊഴിൽ ലഭിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. കുടിയേറ്റക്കാർക്കും രാജ്യാന്തര വിദ്യാർത്ഥികൾക്കും ആരോഗ്യസേവനം, കൃഷി, ഐടിയും എൻജിനീയറിങ്ങും ഉൾപ്പെടുന്ന ടെക് മേഖല എന്നിവയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കുന്നത്.

ഭവന പ്രതിസന്ധിയെ തുടർന്നുള്ള സമ്മർദ്ദങ്ങൾ തുടരുമ്പോളും രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള വീസയിൽ നിയന്ത്രണം ഏർപ്പെടുത്താൻ ഫെഡറൽ ഗവണ്മെന്റ് നിലവിൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഭവന പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും ഫെഡറൽ ഗവണ്മെന്റ് പറയുന്നു. ഇതിന്റെ ഭാഗമായി ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കുന്നതിനായി നികുതി രഹിത അക്കൗണ്ട് പദ്ധതി അടുത്തിടെ അവതരിപ്പിച്ചിരുന്നു. പ്രത്യേക റസിഡൻസി വ്യവസ്ഥകൾ പാലിക്കുന്നവർക്ക് പെർമിറ്റ് ഉടമകൾക്കും രാജ്യാന്തര വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കും.
