മാഡ്രിഡ്, സ്പെയിൻ : റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷമുണ്ടായ സംഭവങ്ങളിലും മാധ്യമങ്ങളോട് നടത്തിയ പ്രതികരണങ്ങളുടെ പേരിലും പിഎസ്‌ജി പരിശീലകൻ മൗറീസിയോ പോച്ചട്ടിനോ, പ്രസിഡന്റ് നാസർ അൽ ഖലൈഫി എന്നിവർക്കെതിരെ യുവേഫ നടപടിയെടുക്കാൻ സാധ്യത. ബെർണാബുവിൽ വെച്ചു നടന്ന മത്സരത്തിനു ശേഷമുള്ള ഇരുവരുടെയും പ്രവൃത്തികൾ യുവേഫ പരിശോധിക്കുന്നുണ്ടെന്ന് മാർക്കയാണ് വെളിപ്പെടുത്തിയത്.
മത്സരത്തിൽ തോൽവി വഴങ്ങി പുറത്തായതിനു ശേഷം പ്രധാന റഫറിക്കെതിരെയും വീഡിയോ അസിസ്റ്റന്റ് റഫറിയിങ്ങിനെയും വിമർശിച്ചതിന്റെ പേരിലാണ് മൗറീസിയോ പോച്ചട്ടിനോ നടപടി നേരിടാൻ സാധ്യതയുള്ളത്. മത്സരത്തിൽ റയൽ മാഡ്രിഡിന്റെ ആദ്യത്ത ഗോൾ പിറന്നതിൽ ഡോണറുമ്മയെ ബെൻസിമ ഫൗൾ ചെയ്‌തിട്ടുണ്ടെന്നും വീഡിയോ റഫറി അതിൽ ഇടപെട്ടില്ലെന്നും മാധ്യമങ്ങളോട് പോച്ചട്ടിനോ തുറന്നടിച്ചിരുന്നു.
അതേസമയം കുറച്ചുകൂടി ഗുരുതരമാണ് പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ ഖലൈഫിക്കെതിരെയുള്ള ആരോപണങ്ങൾ. മത്സരത്തിനു ശേഷം അദ്ദേഹം റഫറി റൂമിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചുവെന്നും അസിസ്റ്റന്റ് റഫറിയുടെ ഉപകരണങ്ങൾ തകർത്തുവെന്നും റഫറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ റയൽ മാഡ്രിഡ് സ്റ്റാഫിനെതിരെ അദ്ദേഹം ഭീഷണി മുഴക്കിയെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നാസർ അൽ ഖലൈഫി നടത്തിയ അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുവേഫ റയൽ മാഡ്രിഡിനോട് കൈമാറാൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനൊപ്പം ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്റർ ആയ ലിയനാർഡോയുമുണ്ടെന്ന സൂചനകൾ ഉണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവം സത്യമാണെന്നു ബോധ്യപ്പെട്ടാൽ കടുത്ത നടപടി തന്നെയാകും ഇരുവരെയും കാത്തിരിക്കുന്നത്.
ഇതാദ്യമായല്ല പിഎസ്‌ജിയുടെ ചാമ്പ്യൻസ് ലീഗ് തോൽവിയുമായി ബന്ധപ്പെട്ട് യുവേഫ നടപടി സ്വീകരിക്കുന്നത്. 2019ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ തോറ്റ് പിഎസ്‌ജി പുറത്തായതിനു ശേഷം നെയ്‌മർ റഫറിയെ അധിക്ഷേപിച്ച് സംസാരിച്ചതിന്റെ പേരിൽ മൂന്നു മത്സരങ്ങളിൽ താരത്തെ വിലക്കിയിരുന്നു.