സാന്തിയാഗോ∙ ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലി ഇടത്തേക്കു ചായുന്നു. തെക്കൻ അമേരിക്കൻ രാജ്യങ്ങളിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി സോഷ്യൽ കൺവർജൻസ് പാർട്ടി നേതാവ് ഗബ്രിയേൽ ബോറിക് (36) അധികാരമേറ്റതോടെയാണ് രാഷ്ട്രീയ മാറ്റം. വനിതാ ഭൂരിപക്ഷമുള്ള മന്ത്രിസഭയാണ് ചുമതലയേൽക്കുന്നത്.
2018 മുതൽ അധികാരത്തിലിരിക്കുന്ന സെബാസ്റ്റ്യൻ പിനേരയാണ് ചരിത്രത്തിന് വഴിമാറിക്കൊടുക്കുന്നത്. ചിലി സർക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അസമത്വത്തിനും അഴിമതിക്കുമെതിരെ 2 വർഷം മുൻപു നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ നേതാവു കൂടിയായിരുന്നു തീപ്പൊരി പ്രസംഗകനായ ബോറിക്. ചിലി ഏകാധിപതിയായിരുന്ന അഗസ്റ്റോ പിനോഷെയുടെ ആരാധകനായ വലതുപക്ഷ സ്ഥാനാർഥി ജോസെ അന്റോണിയോ കാസ്റ്റിനെ തോൽപ്പിച്ചാണ് ബോറിക് അധികാരത്തിലേറുന്നത്.