ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സൈന്യം മുഖാമുഖം നില്‍ക്കുന്ന അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം കുറയ്‌ക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനും സമാധാനം നിലനിറുത്താനും വെള്ളിയാഴ്ച ചുഷുല്‍ മോള്‍ഡോയില്‍ നടന്ന 15 -ാം വട്ട ഇന്ത്യാ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായി.
ജനുവരി 12ന് നടന്ന 14-ാം വട്ട കൂടിക്കാഴ്ചയിലെ ധാരണകളുടെ തുടര്‍ച്ചയായാണ് ചര്‍ച്ചകള്‍ നടന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. രാവിലെ 10ന് തുടങ്ങിയ ചര്‍ച്ച രാത്രി 11.30വരെ നീണ്ടു.ഡെപസാംഗ് അടക്കം മേഖലകളില്‍ നിന്ന് ചൈന സേനയെ പിന്‍വലിക്കണമെന്ന ആവശ്യം ഇന്ത്യ ആവര്‍ത്തിച്ചതായി അറിയുന്നു. നിയന്ത്രണ രേഖയ്‌ക്കിരുവശവും സമാധാനം നിലനിറുത്താന്‍ ലക്ഷ്യമിട്ട് സൈനിക, നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ തുടരാനും തീരുമാനിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.