റഷ്യയുടെ യുക്രെയ്നിലെ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് റഷ്യയിലുടനീളമുള്ള നഗരങ്ങളില്‍ 750ലധികം ആളുകള്‍ അറസ്റ്റിലായി.യുദ്ധം തുടങ്ങിയ നാള്‍ മുതല്‍ രാജ്യത്ത് വലിയ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്.
37 റഷ്യന്‍ നഗരങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ കുറഞ്ഞത് 756 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇന്‍ഡിപെന്‍ഡന്റ് മോണിറ്ററിംഗ് ഗ്രൂപ്പ് ഒ.വി.ഡി-ഇന്‍ഫോ പറഞ്ഞു. അവരില്‍ പകുതിയോളം അറസ്റ്റിലായിരിക്കുന്നത് റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍നിന്നാണ്.
ഫെബ്രുവരി 24ന് പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ യുക്രെയ്‌നില്‍ കര, വ്യോമ, കടല്‍ അധിനിവേശത്തിന് ഉത്തരവിട്ടതിനുശേഷം, യുദ്ധവിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് 14,000ത്തിലധികം അറസ്റ്റുകള്‍ നടന്നാതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 170ലധികം പേര്‍ റിമാന്‍ഡിലാണ്. സ്വതന്ത്രമായ യുദ്ധ റിപ്പോര്‍ട്ടിംഗും യുദ്ധത്തിനെതിരായ പ്രതിഷേധവും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമം റഷ്യ മാര്‍ച്ച് നാലിന് പാസാക്കിയിരുന്നു.ആളുകള്‍ക്ക് റഷ്യയില്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ‘അല്‍ ജസീറ’ ചാനല്‍ റിപ്പോര്‍ട്ടര്‍ ബെര്‍ണാഡ് സ്മിത്ത് മോസ്കോയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.
തലസ്ഥാനമായ മോസ്കോയില്‍ നടന്ന ഒരു പ്രതിഷേധത്തില്‍ പങ്കെടുത്ത ഒരു ഡസനോളം ആളുകളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രെയ്ന്‍ അധിനിവേശത്തിന് പുറപ്പെടുന്ന ടാങ്കറുകള്‍ അടക്കമുള്ള യുദ്ധോപകരണങ്ങളില്‍ ‘യുക്രെയ്നെ നാസീ മുക്തമാക്കുന്നതിനുള്ള ഓപറേഷന്‍’ എന്നാണ് റഷ്യ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ യുദ്ധത്തിനെതിരെ സംസാരിക്കുന്നത് രാജ്യവിരുദ്ധം എന്നാണ് റഷ്യ പറയുന്നത്.