ന്യൂഡല്‍ഹി : ചൈന ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കോവിഡ് ടാസ്ക് ഫോഴ്സിലെ ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കണമെന്ന് യോഗത്തിൽ നിർദ്ദേശിച്ചു. ചൈനയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ പ്രവിശ്യകളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ചൈന, സൗത്ത് കൊറിയ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ രൂപപ്പെട്ട പുതിയ തരംഗത്തെപ്പറ്റി കേന്ദ്രം നിരീക്ഷിച്ചു വരികയാണ്. പുതിയ വകഭേദങ്ങള്‍ രാജ്യത്ത് പടരുന്നുണ്ടോ എന്നറിയുന്നതിനായി ജനിതക പരിശോധന നടത്താനും പ്രദേശിക തലത്തില്‍ നിരീക്ഷണം ശക്തമാക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.
കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി ഡോ. വി. കെ. പോള്‍, എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ, ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ, പ്രിന്‍സിപ്പല്‍ സൈന്റിഫിക് അഡ്വൈസര്‍ കെ. വിജയ് രാഘവന്‍, ഹെല്‍ത്ത് സെക്രട്ടറി രാജേഷ് ഭൂഷന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
നിലവില്‍ രാജ്യത്ത് കോവിഡ് കേസുകളില്‍ ഗണ്യമായ കുറവാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 2,876 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 32,811 പേരാണ് ചികിത്സയില്‍ കഴിയുന്നത്.