ഒന്റാറിയോ : ഒന്റാറിയോയിലെ സെന്റ് കാതറിൻസിന് സമീപമുള്ള വൈനറിയിൽ തീപിടിത്തത്തെ തുടർന്ന് സ്റ്റോർ ഫ്രണ്ട് ഏരിയ കത്തി നശിച്ചു. ഹെർൻഡർ എസ്റ്റേറ്റ് വൈൻസിനാണ് തീപിടുത്തം ഉണ്ടായത്.
ലൗത്ത് ടൗൺഷിപ്പിൽ 1607 എട്ടാം അവന്യൂവിൽ സ്ഥിതി ചെയ്യുന്ന വൈനറിയിൽ രാവിലെ 10 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. .
തീപിടിത്ത സമയത്ത് നാല് ജീവനക്കാർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി നയാഗ്ര റീജിയണൽ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. നാല് ജീവനക്കാരെയും രക്ഷപ്പെടുത്തിയതായും ഒരു ജീവനക്കാരന് പുക ശ്വസിച്ചതു മൂലമുണ്ടായ പ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് അറിയിച്ചു.
സ്ഥാപനത്തിന്റെ സ്റ്റോർ ഫ്രണ്ട് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. എന്നാൽ വൈനറിയുടെ വെയർഹൗസും ഉൽപ്പാദന മേഖലയും ഉൾപ്പെടെ വലിയൊരു ഭാഗം സുരക്ഷിതമാണ്.
നയാഗ്ര ഫാൾസ്, തോറോൾഡ്, പെൽഹാം, വെസ്റ്റ് നയാഗ്ര, വെസ്റ്റ് ലിങ്കൺ, നയാഗ്ര-ഓൺ-ദി-ലേക്ക് എന്നിവിടങ്ങളിൽ നിന്നുള്ള എമർജൻസി സർവീസുകൾ സെന്റ് കാതറിൻസ് ഫയറുമായി ചേർന്ന് തീയണയ്ക്കാൻ സഹായിച്ചു.
പ്രദേശത്തെ നിരവധി തെരുവുകൾ എൻആർപിഎസ് അടച്ചു. പ്രദേശം സുരക്ഷിതമെന്ന് കരുതുന്നത് വരെ അടച്ചിടുമെന്നു സെന്റ് കാതറിൻസ് ഫയർ സർവീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു.
സംഭവസ്ഥലത്ത് പോലീസ് സാന്നിധ്യം തുടരുന്നുണ്ട്. പൊതുജനങ്ങളോട് പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ പോലീസ് ആവശ്യപ്പെട്ടു.