പാരീസ് : യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ എല്ലാം നഷ്‌ടപ്പെട്ട് അഭയാർത്ഥികളായവർക്ക് സഹായവും അഭയവും നൽകി ഫുട്ബോൾ ലോകത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിഎസ്‌ജി ഗോൾകീപ്പറായ കെയ്‌ലർ നവാസ്. യുദ്ധത്തിൽ നിന്നും രക്ഷപ്പെടാൻ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തെത്തിയ ആളുകൾക്കാണ് നവാസ് സേവനമൊരുക്കിയത്.
ഫ്രഞ്ച് മാധ്യമമായ ആർഎംസി സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം കോസ്റ്ററിക്കൻ ഗോൾകീപ്പർ മുപ്പതോളം പേർക്കാണ് തന്റെ വീട്ടിൽ താമസസൗകര്യം ഒരുക്കിയത്. തന്റെ സിനിമാഹാൾ പുനഃക്രമീകരിച്ച താരം അതിൽ കിടക്കകൾ ഇട്ടാണ് യുക്രൈൻ അഭയാർത്ഥികൾക്കു താമസിക്കാൻ ഇടം നൽകിയത്.
കെയ്‌ലർ നവാസിന്റെ ഭാര്യയായ ആൻഡ്രിയാസ് സലാസ് യുക്രൈൻ അഭയാർത്ഥികൾക്ക് ഭക്ഷണവും വസ്ത്രം ഉൾപ്പെടെയുള്ള മറ്റു സൗകര്യങ്ങളും നൽകുന്നുണ്ട്. വെറും തുണിയോട് വരുന്ന കുട്ടികൾക്കും അമ്മമാർക്കും കൂടെയുള്ള ആളുകൾക്കും ഈ സൗകര്യങ്ങൾ ചെയ്‌തു കൊടുക്കുന്നതിൽ സന്തോഷമുണ്ടെന്നാണ് ഇതേക്കുറിച്ച് സലാസ് പ്രതികരണം അറിയിച്ചത്.
യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിനെതിരെ ഫുട്ബോൾ ലോകത്തു നിന്നും കനത്ത പ്രതിഷേധം ഉയർന്നെങ്കിലും ഇതുപോലൊരു പ്രവൃത്തി യൂറോപ്പിലെ ഒരു സൂപ്പർതാരത്തിൽ നിന്നും ഉണ്ടായിട്ടില്ല. അതിനാൽ തന്നെ മുൻ റയൽ മാഡ്രിഡ് ഗോൾകീപ്പർക്ക് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.