ലോകകപ്പ് പ്ലേ ഓഫ് മത്സരത്തിൽ സെനഗലിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റു ലോകകപ്പ് യോഗ്യത നേടാൻ കഴിയാതെ പുറത്തു പോയതിനു പിന്നാലെ സെനഗൽ ആരാധകർക്കെതിരെ ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ. മത്സരത്തിനു മുൻപും ഇടയിലുമെല്ലാം ഈജിപ്ഷ്യൻ താരങ്ങൾക്കു നേരെ വംശീയാധിക്ഷേപം നടത്തിയ സെനഗൽ ആരാധകർ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചുവെന്നും അവർ പ്രസ്‌താവനയിൽ വ്യക്തമാക്കി.
ആദ്യപാദ മത്സരത്തിൽ ഒരു ഗോളിന്റെ വിജയം നേടിയ ഈജിപ്‌ത് ഇന്നലെ നിശ്ചിത സമയത്തും അധികസമയത്തും ഒരു ഗോളിന് പിന്നിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഈജിപ്‌ത് ടീമിൽ സലാ അടക്കം മൂന്നു പേർ കിക്ക് തുലച്ചപ്പോൾ മൂന്നെണ്ണം വലയിലാക്കി സെനഗൽ യോഗ്യത നേടുകയായിരുന്നു. സെനഗലിന്റെയും ആദ്യ രണ്ടു കിക്കുകൾ ഗോളായിരുന്നില്ലെങ്കിലും അത് മുതലാക്കാൻ ഈജിപ്‌തിനു കഴിഞ്ഞില്ല.
“ഈജിപ്ഷ്യൻ ദേശീയ ടീം അംഗങ്ങൾക്കെതിരെ, പ്രത്യേകിച്ചും സലാക്കെതിരെ കടുത്ത വംശീയാധിക്ഷേപങ്ങളാണ് സെനഗൽ ആരാധകർ നടത്തിയതെന്ന് പ്രസ്‌താവന വ്യക്തമാക്കുന്നു. മത്സരത്തിന് വാം അപ്പ് ചെയുന്ന സമയത്ത് കല്ലുകളും കുപ്പികളും എറിഞ്ഞെന്നും ഈജിപ്‌ത് ടീമിന്റെ ബസിന്റെ ചില്ലുകൾ തകരുന്ന തരത്തിൽ അക്രമം നടന്നുവെന്നും അവർ പറയുന്നു. ഇതിന്റെ തെളിവുകൾ ഫയൽ ചെയ്‌തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
സെനഗൽ ആരാധകർക്കതിരെ ഉയർന്ന മറ്റൊരു ഗുരുതര ആരോപണം പെനാൽറ്റി ഷൂട്ടൗട്ട് സമയത്ത് ഈജിപ്ഷ്യൻ താരങ്ങളുടെയും ഗോളിയുടെയും മുഖത്തേക്ക് ലേസർ പ്രയോഗം നടത്തിയതാണ്.ഒരുപാട് കാണികൾ ഒരുമിച്ച് മുഖത്തേക്ക് ലേസർ അടിച്ച് ശ്രദ്ധ തെറ്റിക്കാൻ ശ്രമിച്ചത് ഈജിപ്‌തിനു തിരിച്ചടിയായതായും വ്യക്തമാണ്.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ സെനഗലിനോട് തോറ്റതിനു പിന്നാലെയാണ് ലോകകപ്പ് പ്ലേ ഓഫിലും തോറ്റു പുറത്താവുന്നത്. മത്സരം ഷൂട്ടൗട്ട് വരെ എത്തിച്ചതിനു ഈജിപ്‌ത് കടപ്പെട്ടിരിക്കുന്നത് നിരവധി സേവുകൾ നടത്തിയ ഗോൾകീപ്പർ മൊഹമ്മദ് എൽ ഷെനാവിയോടാണ്.