ഏപ്രില്‍ഫൂള്‍ എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ ഫൂളിന്റെ ചരിത്രം എന്താണ് എന്ന് പലര്‍ക്കും അറിയില്ല. എന്തുകൊണ്ടാണ് ഇത് ആഘോഷിക്കുന്നത്, എന്തുകൊണ്ടാണ് ഇതിന് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നത് എന്താണ് ഇതിന്റെ ചരിത്രം എന്നും നമുക്ക് നോക്കാം. ഈ ദിനത്തില്‍ മറ്റുള്ളവര്‍ക്ക് ഉപദ്രവമാവാത്ത അവസ്ഥയില്‍ പറ്റിക്കുന്നതും പറ്റിക്കപ്പെടുന്നതുമാണ് ഈ ദിനത്തിലെ പ്രത്യേകത. എല്ലാ വര്‍ഷവും ഏപ്രില്‍ 1-ന് ഈ ദിനം ആഘോഷിക്കപ്പെടുന്നുണ്ട്. ഈ ദിനത്തെ അതുകൊണ്ട് തന്നെ ഏപ്രില്‍ ഫൂള്‍ ഡേ എന്ന് പറയുന്നതും. ഏപ്രില്‍ ഫൂള്‍ ദിനം എവിടെ നിന്നാണ് ഉത്ഭവിച്ചത്? പിന്നെ എന്തിനാണ് നമ്മള് എല്ലാ വര്‍ഷവും ഇത് ആഘോഷിക്കുന്നത്? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ ഈ ലേഖനത്തില്‍.
ചരിത്രം
ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രം കൃത്യമല്ലെങ്കിലും ഈ ദിവസത്തിന്റെ ഉത്ഭവം 1582-ല്‍ ഫ്രാന്‍സ് ജൂലിയന്‍ കലണ്ടറില്‍ നിന്ന് ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയതോടെയാണ് എന്നാണ് പറയപ്പെടുന്നത്. ഫ്രാന്‍സ് തങ്ങളുടെ പുതുവത്സരം ഏപ്രില്‍ ഒന്നിനായിരുന്നു ആഘോഷിച്ചിരുന്നത്. എന്നാല്‍ കലണ്ടറിലുണ്ടായ മാറ്റം പലപ്പോഴും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാത്തതിനാല്‍ ഏപ്രില്‍ 1 പുതുവര്‍ഷമായി ഫ്രാന്‍സില്‍ ആഘോഷിക്കുന്നു. അതിനാല്‍ അന്നു മുതലാണ് ഈ ദിനം വിഡ്ഢികളുടെ ദിനം എന്ന് ആഘോഷിക്കുന്നത്. ഇത് കൂടാതെ, ചിലരെ ‘പോയ്സണ്‍ ഡി’അവ്രില്‍’ (ഏപ്രില്‍ മത്സ്യം) എന്നും വിളിക്കുന്നുണ്ട്.
ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ പ്രാധാന്യം
ബോസ്റ്റണ്‍ സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസര്‍ ജോസഫ് ബോസ്കിന് ഏപ്രില്‍ ഫൂള്‍ ദിനത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. റോമന്‍ ചക്രവര്‍ത്തിയായ കോണ്സ്റ്റന്റൈന് ദി ഗ്രേറ്റിന്റെ ഭരണകാലത്ത്, ഒരു കൂട്ടം കൊട്ടാരം വിദൂഷകരും തങ്ങള്‍ക്ക് രാജ്യം നല്ലതുപോലെ ഭരിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി ഒരു ദിനം രാജ്യം ഭരിക്കുന്നതിന് വേണ്ടി കുഗല്‍ എന്ന വിദൂഷകന് ഭരണം കൈമാറി. ഈ ദിനമാണ് പിന്നീട് ഏപ്രില്‍ 1 വിഡ്ഢിദിനമായി ആഘോഷിക്കുന്നത്.
ഇത് കൂടാതെ മാര്‍ച്ചിന്റെ അവസാനത്തിലും ഏപ്രിലിലും നിരവധി ആഘോഷങ്ങള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കാറുണ്ട്. മാര്‍ച്ച് 25-ന് റോമാക്കാര്‍ ഹിലാരിയ എന്ന പേരില്‍ ഒരു ഉത്സവം നടത്തിയിരുന്നതും ഏപ്രില്‍ഫൂള്‍ ദിനത്തിനോട് അനുബന്ധിച്ചാണ്. ഈ ദിനം വളരെ സന്തോഷകരമായ ദിനമായാണ് ലോകമെങ്ങും കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സന്തോഷകരമായ ദ്രോഹപരമല്ലാത്ത പറ്റിക്കലിലൂടെ ഈ ദിനം ആഘോഷിക്കപ്പെടേണ്ടതും ഓര്‍മ്മിക്കപ്പെടേണ്ടതും ആണ്.