കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.
വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ സര്‍ക്കാരും പരാതിക്കാരിയായ കന്യാസ്ത്രീയുമാണ് അപ്പീല്‍ നല്‍കിയത്. ഫ്രാങ്കോ മുളയ്ക്കലിനു നോട്ടീസ് അയക്കാന്‍ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രനും സി ജയചന്ദ്രനും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
വിചാരണ കോടതി വിധിക്കെതിരേ അപ്പീല്‍ പോകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പോലീസ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇത് കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ എ.ജി.യുടെ നിയമോപേദശം തേടിയത്. കേസില്‍ അപ്പീല്‍ പോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എ.ജി.യുടെ മറുപടിയെ തുടര്‍ന്നാണ് ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ 2022 ജനുവരി 14-നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനും സ്ഥാപിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും പല പ്രധാനവിവരങ്ങളും കോടതിക്ക് മുന്നില്‍ എത്താതെ പോയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. 2018 ജൂണ്‍ 28 ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രസ്താവിച്ചത്.