വാഷിങ്ടന്‍ : യുക്രെയ്നില്‍ റഷ്യ അധിനിവേശം നടത്തുന്ന സമയത്തു ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് യുഎസ്.മാര്‍ച്ച് മധ്യത്തോടെ നടന്ന മിസൈല്‍ പരീക്ഷണം രണ്ടാഴ്ചയോളം യുഎസ് രഹസ്യമാക്കി വച്ചതായും റിപ്പോർട്ട്.റഷ്യയുമായുള്ള സംഘര്‍ഷസാധ്യത കൂട്ടാതിരിക്കാനാണു പരീക്ഷണം പരസ്യമാക്കാതിരുന്നത്.
യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, ഉപരോധങ്ങളും പ്രസ്താവനകളുമായി യുഎസ് റഷ്യാ വിരുദ്ധ നിലപാട് ശക്തമാക്കിയ സമയത്തായിരുന്നു പരീക്ഷണം. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കൊമ്പുകോർക്കുന്ന വേളയിലായിരുന്നു നീക്കമെന്നതും ശ്രദ്ധേയം. ബൈഡന്റെ യൂറോപ്പ് പര്യടനത്തിനു സുരക്ഷാപ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ടാകാതിരിക്കാനാണു മിസൈല്‍ പരീക്ഷണ വാര്‍ത്ത യുഎസ് മറച്ചുവച്ചതെന്നു പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
വെസ്റ്റ് കോസ്റ്റ് തീരത്ത് ബി-52 ബോംബറില്‍നിന്ന് ‘ദ് ഹൈപ്പര്‍സോണിക് എയര്‍-ബ്രീത്തിങ് വെപ്പണ്‍ കണ്‍സെപ്റ്റ്’ (എച്ച്‌എഡബ്ല്യുസി) ആണ് പരീക്ഷിച്ചത്. ഈ സംവിധാനത്തിന്റെ ലോക്‌ഹീഡ് മാര്‍ട്ടിന്‍ വകഭേദത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണമായിരുന്നു ഇത്. ബൂസ്റ്റര്‍ എന്‍ജിന്റെ സഹായത്താല്‍ മിസൈലിനു വേഗം കൂട്ടുന്ന വേളയില്‍, സ്ക്രാംജെറ്റ് എന്‍ജിന്‍ ജ്വലിക്കുകയും മാക് 5നും മുകളിലേക്കുള്ള വേഗത്തിലേക്കു (ഹൈപ്പര്‍സോണിക്) കുതിക്കുകയും ചെയ്യും. 65,000 അടി ഉയരത്തില്‍ 300 മൈല്‍ ദൂരമാണ് മിസൈല്‍ പറന്നത്.
യുക്രെയ്ന്‍ അധിനിവേശ സമയത്തു സ്വന്തം ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷച്ചതായി റഷ്യ അവകാശപ്പെട്ടതിനു പിന്നാലെയായിരുന്നു യുഎസിന്റെയും നീക്കം. കിന്‍സാല്‍ ഹൈപ്പര്‍സോണിക് മിസൈലാണു യുക്രെയ്നിലെ ആയുധശാല ലക്ഷ്യമാക്കി റഷ്യ തൊടുത്തത്. അതേസമയം, കിന്‍സാല്‍ മിസൈല്‍ റഷ്യയുടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ ഇസ്കാന്‍ഡറിന്റെ എയര്‍ ലോഞ്ച്ഡ് വേര്‍ഷന്‍ മാത്രമാണെന്നാണു പ്രതിരോധ വിദഗ്ധരുടെ നിരീക്ഷണം. ഇതിനേക്കാള്‍ നൂതനവും സങ്കീര്‍ണവുമാണ് എച്ച്‌എഡബ്ല്യുസി മിസൈല്‍ എന്നാണ് റിപ്പോര്‍ട്ട്.