ജര്‍മ്മന്‍ (German) ആഡംബര വാഹന നിര്‍മ്മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് എസ്യുവി സ്വന്തമാക്കി തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു.
പുതിയ വാഹനം വാങ്ങിയ വിവരം മഹേഷ് ബാബു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇട്രോണിനൊപ്പം നില്ക്കുന്ന ചിത്രവും മഹേഷ്ബാബു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. മലിനീകരണമില്ലാത്ത, സുസ്ഥിരമായ ഭാവിക്കായി ഏറെ ആവേശത്തോടെ ഔഡിയുടെ വാഹനം വീട്ടിലെത്തിച്ചു എന്ന കുറിപ്പോടെയാണ് ഔഡി ഇ-ട്രോണിനൊപ്പമുള്ള ചിത്രം മഹേഷ് ബാബു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ 55 സ്പോര്‍ട്സ്ബാക്ക് എന്നീ മൂന്ന് പതിപ്പുകളായാണ് ഔഡിയുടെ ഈ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. 95 kWh ബാറ്ററി പാക്കിനൊപ്പം രണ്ട് ആക്സിലുകളിലും നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 402 ബി.എച്ച്.പി. പവറും 664 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഓള് വീല്‍ ഡ്രൈവ് സംവിധാനവും ഇതില്‍ നല്‍കിയിട്ടുണ്ട്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും.