ടൊറോൻ്റോ: ഒൻ്റാരിയോയിൽ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും മുഴുവൻ സർവ്വേകളും കൺസർവേറ്റീവിന് തുടർ ഭരണം പ്രവചിക്കുന്നു. ജൂൺ 2ന് ആണ് ഒൻ്റാരിയോയിലെ ഇലക്ഷൻ.ഇലക്ഷൻ പ്രചരണങ്ങളുടെ തുടക്കം മുതൽ മുഴുവൻ സർവ്വേകളും കൺസർവ്വേറ്റീവിന് അനുകൂലമായിരുന്നു.
ഡഗ് ഫോർഡിൻ്റെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് കഴിഞ്ഞ തവണ നേടിയ 76 എന്ന സംഖ്യ ഉയർത്താനാണ് സാധ്യത എന്നാണ് സർവ്വേകൾ പറയുന്നത്. അവർ പറയുന്നത് പ്രകാരം കൺസർവ്വേറ്റീവുകൾ 79 സീറ്റുകളോ അതിലധികമോ നേടും.

കഴിഞ്ഞ തവണ അധികാരത്തിൽ നിന്നും പുറത്ത് പോയ ലിബറലുകൾക്ക് ഇപ്പോഴും കഴിഞ്ഞ തവണ ഉണ്ടായ പരാജയത്തിൻ്റെ ആഘാതത്തിൽ നിന്നും മോചിതരാകാൻ സാധിച്ചിട്ടില്ല. സർവ്വേ ഫലങ്ങൾ അനുസരിച്ച് ഇപ്പോഴും ലിബറലുകൾ മൂന്നാം സ്ഥാനത്ത് ആണ്.ലിബറലുകൾക്ക് 19 സീറ്റുകൾ ആണ് സർവ്വേ പ്രവചിക്കുന്നത്.
അതേ സമയം NDP കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നേടില്ലെന്നും സർവ്വേ പറയുന്നു. NDP 25 സീറ്റുകൾ വരെ നേടുമെന്നാണ് പറയുന്നത്.
ലണ്ടനിലും, കിച്ചണറിലും, നോർത്തേൺ ഒൻ്റാരിയോയിലും, ഹാമിൾട്ടണിലും, ടൊറോൻ്റോയുടെ ചില ഏരിയയിലും NDP ആണ് മുന്നിട്ട് നിൽക്കുന്നതായി സർവ്വേകൾ പറയുന്നത്. ഒട്ടാവയിലും, കിങ്ങ്സ്റ്റണിലും, തണ്ടർബേയിലും, ടൊറോൻ്റോയുടെ ചില ഭാഗങ്ങളിലും മാത്രമാണ് ലിബറലുകൾ മുന്നിട്ട് നിൽക്കുന്നതായി കാണിക്കുന്നത്.പ്രൊവിൻസിൻ്റെ മറ്റ് ഭാഗങ്ങളിലെല്ലാം കൺസർവ്വേറ്റീവിന് തന്നെയാണ് മുൻതൂക്കം.മലയാളികളിൽ ബഹുഭൂരിപക്ഷവും കൺസർവേറ്റീവിനെയാണ് പിന്തുണയ്ക്കുന്നത്.