നികുതി വർധനയ്ക്കെതിരെ യുവമോർച്ച നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു. കൊച്ചിയിലെ കോൺഗ്രസ് മാർച്ചും അക്രമാസക്തമായി.
തിരുവനന്തപുരത്തെ യുവമോർച്ചാ മാർച്ചിൽ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കോലം കത്തിച്ച യുവമോർച്ച പ്രവർത്തകർ ബാരിക്കേഡ് ഭേദിക്കാൻ ശ്രമിച്ചു. പൊലീസിന് നേരെ തടികഷ്ണങ്ങളും കൊടിക്കാലുകളും വലിച്ചെറിഞ്ഞു.പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു.സംഘർഷത്തിൽ പരക്കേറ്റ പ്രവർത്തകനുമായി യുവമോർച്ച പ്രവർത്തകർ എംജി റോഡ് ഉപരോധിച്ചു.. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.സംഘർഷത്തിൽ KAP ഫസ്റ്റ് ബറ്റാലിയനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ അഖിലിന് കൈക്ക് പരുക്കേറ്റു.

കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാർച്ചിൻ്റെ തുടക്കത്തിൽ തന്നെ പൊലീസിനു നേരെ കല്ലേറുണ്ടായി. ഉദ്ഘാടന പ്രസംഗത്തിനിടെ പൊലീസിനു നേരെ വീണ്ടും ഏറുണ്ടായി, കല്ലിനു പുറമേ തക്കാളി, കുപ്പി, തേങ്ങ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയും കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ എറിഞ്ഞു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ വന്നതോടെ മൂന്ന് തവണ കണ്ണീർ വാതകം പ്രയോഗിച്ചു. പൊട്ടാതെ കിടന്ന കണ്ണീർവാതക ഷെല്ല് കോൺഗ്രസ് പ്രവർത്തകർ പൊലീസിനു നേരെ എറിഞ്ഞു. തുടർന്ന് ഒരു വനിത പൊലീസിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി.
ബാരിക്കേഡ് മറിച്ചിട്ട് അതിനു മുകളിൽക്കയറി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ പിന്നീട് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു മണിക്കൂറിനു ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.
