Friday, May 29, 2026

ഫിഫ ലോകകപ്പ് വേദികൾക്ക്‌ കോടികൾ; വിവാദത്തിന്‌ പിന്നാലെ കണക്കുകൾ പുറത്തുവിടാൻ ബി.സി സർക്കാർ

വൻകൂവർ: അടുത്ത മാസം കാനഡയിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിലെ 7 മത്സരങ്ങൾക്ക് വൻകൂവർ വേദിയാകുമ്പോൾ ഉണ്ടാകുന്ന യഥാർത്ഥ സാമ്പത്തിക ചെലവുകൾ പൊതുജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ ബ്രിട്ടീഷ് കൊളംബിയ സർക്കാർ. മത്സരങ്ങളിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള വരുമാനം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രവചനങ്ങളും സർക്കാർ ഇന്ന് പുറത്തുവിടും. കടുത്ത ജനവിമർശനത്തെയും രാഷ്ട്രീയ സമ്മർദ്ദങ്ങളെയും തുടർന്നാണ് സർക്കാരിന്റെ ഈ നീക്കം. വൻകൂവറിലും ടൊറന്റോയിലുമായി നടക്കുന്ന ആകെ 13 ലോകകപ്പ് മത്സരങ്ങൾക്കായി കാനഡയ്ക്ക് 1 ബില്യണിലധികം കനേഡിയൻ ഡോളർ ചെലവ് വരുമെന്ന് പാർലമെന്ററി ബഡ്ജറ്റ് ഓഫീസർ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. അതായത് ഒരു മത്സരത്തിന് മാത്രം ശരാശരി 82 മില്യൺ ഡോളറിലധികം നികുതിപ്പണം ചെലവഴിക്കേണ്ടി വരും. ഇതാണ് രാജ്യത്ത് വലിയ പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കാരണമായത്. രാജ്യം വലിയ കടക്കെണിയിലൂടെ കടന്നുപോകുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ വെറും 13 ഫുട്ബോൾ മത്സരങ്ങൾക്കായി ഇത്രയും തുക ചെലവഴിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കനേഡിയൻ ടാക്സ് പേയേഴ്സ് ഫെഡറേഷൻ (CTF) പ്രതികരിച്ചു. കാനഡ മുഴുവനായിട്ടല്ല ലോകകപ്പിന് വേദിയാകുന്നത്‌. അതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇവിടെ നടക്കുന്നത്. ഫിഫ എന്നത് അത്യന്തം ധൂർത്ത് നടത്തുന്ന ഒരു സംഘടനയാണ്.

അവരുടെ ന്യായമല്ലാത്ത ആവശ്യങ്ങൾക്ക് മുന്നിൽ നികുതിദായകരോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ ‘ശരി’ എന്ന് മൂളുകയാണ് നമ്മുടെ രാഷ്ട്രീയക്കാർ ചെയ്യുന്നതെന്നാണ്‌ ഫെഡറേഷൻ ബി.സി ഡയറക്‌‌ടർ കാർസൺ ബിന്ദ വിമർശിച്ചു. വൻകൂവർ മത്സരങ്ങൾക്കായി മാത്രം ബി.സിയിലെ നികുതിദായകർക്ക് ഏകദേശം 578 മില്യൺ ഡോളറിന്റെ ബാധ്യത വരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരുമാനമെല്ലാം കണക്കുകൂട്ടിയാൽ പോലും പ്രവിശ്യാ സർക്കാരിന് 145 മില്യൺ ഡോളറിന്റെ അറ്റനഷ്ടം ഉണ്ടാകുമെന്നും സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഫിഫ ലോകകപ്പ് ചെലവുകളുടെ കൃത്യമായ കണക്കുകൾ മെയ് മാസത്തിനകം പുറത്തുവിടുമെന്ന് പ്രീമിയർ ഡേവിഡ് എബി ഉറപ്പുനൽകിയിരുന്നു. എന്നാൽ, പ്രവിശ്യാ നിയമസഭയുടെ വസന്തകാല സമ്മേളനം അവസാനിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് സർക്കാർ ഈ കണക്കുകൾ പുറത്തുവിടുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ പ്രതിപക്ഷത്തിന് നിയമസഭയിൽ വെച്ച് ഈ കണക്കുകളെ ചോദ്യം ചെയ്യാനോ സംവാദങ്ങൾ നടത്താനോ ഉള്ള അവസരം സർക്കാർ ബോധപൂർവ്വം ഇല്ലാതാക്കിയതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ കാനഡയുടെ ക്രെഡിറ്റ് റേറ്റിംഗിൽ അഞ്ച് തവണ ഇടിവുണ്ടായതായും, നിലവിലെ സർക്കാരിന്റെ അനിയന്ത്രിതമായ ചെലവഴിക്കൽ കാരണം രാജ്യത്തിന്റെ കടം 200 ബില്യൺ ഡോളറിലേക്ക് ഉയരുകയാണെന്നും പ്രതിപക്ഷ പാർലമെന്റ് അംഗങ്ങൾ കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ടൂറിസം വളർച്ച മാത്രം മുൻനിർത്തി സർക്കാർ നടത്തുന്ന ഈ കോടികളുടെ ലോകകപ്പ് മാമാങ്കം വരും ദിവസങ്ങളിൽ കാനഡയിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിതുറക്കുമെന്നാണ്‌ സൂചനകൾ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!