അഖില സുരേഷ്
ജെറമി റെന്നറിനൊപ്പം അടുത്ത ഹോളിവുഡ് സീരീസിൽ ഉണ്ടാകുമെന്ന് വെളുപ്പെടുത്തി നടൻ അനിൽ കപൂർ. ഡിസ്നിക്ക് വേണ്ടിയുള്ള പുതിയ സീരീസായ ‘റെന്നർവേഷൻസിൽ’ അഭിനയിക്കാൻ കാത്തിരിക്കുകയാണെന്ന് നടൻ ട്വിറ്ററിൽ കുറിച്ചു.
ഒടിടി എന്ന മേഖല തനിക്ക് ഏറെ ഇഷ്ട്ടപെടുന്നുണ്ടെന്നും നടൻ പറഞ്ഞു. ‘ഒടിടി എന്നത് ഒരു പുതിയ മേഖലയാണ് എനിക്കത് ഇഷ്ടമാണ്. ഡിസ്നിക്ക് വേണ്ടിയുള്ള ജെറമി റെന്നറുടെ ഒപ്പം അഭിനയിക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്’, അനിൽ കപൂർ ട്വീറ്റ് ചെയ്തു.
‘ദി നൈറ്റ് മാനേജർ’ എന്ന സ്പൈ ഡ്രാമ സീരീസിലെ അഭിനയത്തിന് അനിൽ കപൂർ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രശംസ ഏറ്റുവാങ്ങുകയാണ്. ‘സ്ലംഡോഗ് മില്യണയർ’, 24, ടോം ക്രൂസിന്റെ ‘മിഷൻ: ഇംപോസിബിൾ ഗോസ്റ്റ് പ്രോട്ടോക്കോൾ’ തുടങ്ങിയ ഹോളിവുഡ് പ്രൊജെക്റ്റുകളിൽ അനിൽ കപൂർ അഭിനയിച്ചിട്ടുണ്ട്.
അനിലും ജെറമിയും ‘മിഷൻ: ഇംപോസിബിൾ ഗോസ്റ്റ് പ്രോട്ടോക്കോളി’ൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെങ്കിലും, അവർ ഒരുമിച്ച് സ്ക്രീൻ സ്പേസ് പങ്കിട്ടിരുന്നില്ല. മഞ്ഞുവീഴ്ചയിൽ ജെറമിക്ക് ഗുരുതരമായി പരിക്കേറ്റപ്പോൾ, എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് അനിൽ ട്വിറ്ററിൽ കുറിച്ചിരുന്നു.
