പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ വെടിവെപ്പ്. പാരീസിന് സമീപം കാറിലെത്തിയ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് പിടികൂടി. സംഭവത്തിന് തീവ്രവാദബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ പത്തരയോടെ പാരീസിന് സമീപത്തെ ട്രാപ്പെസിലായിരുന്നു സംഭവം. കാറില്‍ പോകുന്നതിനിടെ അക്രമി കണ്മുന്നില് കണ്ടവര്‍ക്ക് നേരേയെല്ലാം വെടിയുതിര്‍ക്കുകയായിരുന്നു എന്ന് ട്രാപ്പെസ് മേയര്‍ അലി റബേഹ് മാധ്യമങ്ങളോട് പ്രതികരിച്ചു. പരുക്കേറ്റവരില്‍ 12 വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്. എട്ടുതവണ വെടിയേറ്റ കുട്ടി നിലവില്‍ അപകടനില തരണം ചെയ്തതായി ലാ വെറീരെ മേയര്‍ നിക്കോളാസ് ഡെയ്ന്വില്ലെ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.

കൊല്ലപ്പെട്ടയാള്‍ ആഫ്രിക്കന്‍ വംശജനാണെന്ന് മേയര്‍ അലി റബേഹ് വ്യക്തമാക്കി. പരുക്കേറ്റവരില്‍ രണ്ടുപേരും കുടിയേറ്റക്കാരാണ്. ഇതില്‍ ആഫ്രിക്കന്‍ വംശജനായ ഒരാളുടെ നില ഗുരുതരമാണെന്നും മേയര്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പാരീസിലുണ്ടായ സംഭവം അതീവഗൗരവതരമാണെന്നും ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു പ്രതികരിച്ചു. ആക്രമണത്തിനിരയായവര്ക്കൊപ്പം രാജ്യം നിലകൊള്ളുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വ്യക്തമാക്കി.
