കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ചതിനെതിരായ കേസിൽ ഗവർണർക്ക് തിരിച്ചടി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണർ പുറത്താക്കിയതിനെതിരെ കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും
അതിനാൽ തീരുമാനം റദ്ദാക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. ചാൻസലറായ ഗവർണ്ണറുടെ തീരുമാനം നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ വിധി. നേരത്തെ ഹര്‍ജി പരിഗണിച്ചിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പക്കല്‍ നിന്നും സര്‍വ്വകലാശാല സംബന്ധിയായ കേസുകള്‍ മാറ്റിയിരുന്നു. തുടര്‍ന്നാണ് ജസ്റ്റിസ് സതീഷ് നൈനാന് മുന്‍പാകെ കേസെത്തിയത്. വിസിയെ തെരഞ്ഞെടുക്കാനുള്ള സർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണ്ണർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സെനറ്റ് അംഗങ്ങൾ തീരുമാനമെടുക്കാതെ വന്നതോടെയാണ് ചാൻസലർ കൂടിയായ ആരിഫ് മുഹമ്മദ് ഖാൻ സെനറ്റ് അംഗങ്ങളെ പിൻവലിച്ചത്. പിന്നീട് അദ്ദേഹം വിസി നിയമനത്തിന് സേർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. ചാൻസലർക്ക് താത്പര്യം നഷ്ടമായാൽ അംഗങ്ങളെ പിൻവലിക്കാമെന്ന വ്യവസ്ഥ അനുസരിച്ചായിരുന്നു ഗവർണറുടെ വിവാദ നടപടി.
