ഒരു വർഷത്തിലേറെയായി നീണ്ടു നിന്ന വിലത്തകർച്ചയ്ക്ക് ശേഷം ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഹൗസിംഗ് മാർക്കറ്റ് നേരിയ പുരോഗതി കൈവരിക്കുന്നതായി RBC റിപ്പോർട്ട്. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഹോം പ്രൈസ് ഇൻഡക്സ് ഏപ്രിലിൽ 2.4 ശതമാനം ഉയർന്നതായും ഇതോടെ തുടർച്ചയായി രണ്ടാം മാസവും നേട്ടം കൈവരിച്ചതായും RBC റിപ്പോർട്ടിൽ പറയുന്നു.
ഏപ്രിലിൽ പുതിയ ലിസ്റ്റിംഗുകളിൽ 6.5 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ആർബിസി പറഞ്ഞു. ഏപ്രിലിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ഒരു വീടിന്റെ ശരാശരി വില ഏകദേശം 11 ശതമാനം ഉയർന്ന് 1,153,269 ഡോളർ ആയിട്ടുണ്ട്.
ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഏപ്രിലിൽ ടൊറന്റോ വീടിന്റെ ശരാശരി വില വർഷാവർഷം 7.8 ശതമാനം കുറഞ്ഞു. എന്നാൽ, സമീപ മാസങ്ങളിൽ വീടുകളുടെ വിൽപ്പന ഉയരുകയും ബാങ്ക് ഓഫ് കാനഡ പലിശ നിരക്ക് വർദ്ധന താൽക്കാലികമായി നിർത്താനുള്ള തീരുമാനിക്കുകയും ചെയ്തതോടെ ഭവന വിലകൾ സ്ഥിരത കൈവരിക്കുകയും ചെയ്തു.
ഏപ്രിലിൽ, മൊത്തം വിൽപ്പന ഒരു വർഷം മുമ്പുള്ളതിനേക്കാൾ 5.2 ശതമാനം കുറഞ്ഞു, എന്നാൽ മാർച്ചിൽ നിന്ന് ഒമ്പത് ശതമാനം ഉയർന്നിട്ടുണ്ടെന്നും ടൊറന്റോ റീജിയണൽ റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ലിസ്റ്റിംഗുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 38 ശതമാനത്തിലധികം കുറഞ്ഞു.
