ഉക്രെയ്നിനെതിരായ റഷ്യൻ യുദ്ധം തുടരുന്നതിനിടെ, മോസ്കോയുമായുള്ള സഹകരണത്തെ തുടർന്ന് നിരവധി മോൾഡോവൻ പ്രഭുക്കന്മാർക്കും ബിസിനസുകാർക്കും രാഷ്ട്രീയക്കാർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയതായി ഗ്ലോബൽ അഫയേഴ്സ് കാനഡ (GAC) അറിയിച്ചു. കഴിഞ്ഞ മാസം മോൾഡോവൻ പ്രസിഡന്റ് മായാ സന്ദുവിന്റെ കനേഡിയൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നൽകിയ ഉറപ്പിന്റെ ഭാഗമായാണ് ഉപരോധമെന്നും GAC കൂട്ടിച്ചേർത്തു.
ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധത്തിന് മറുപടിയായി മുൻ സോവിയറ്റ് രാഷ്ട്രമായ മോൾഡോവയിലെ ഏഴ് പ്രമുഖ വ്യക്തികൾക്കും ഒരു രാഷ്ട്രീയ പാർട്ടിക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി സ്ഥിരീകരിച്ചു. മോൾഡോവയിലെ റഷ്യൻ അനുകൂല ആളുകൾക്കെതിരെ കാനഡ ഏർപ്പെടുത്തുന്ന ആദ്യ ഉപരോധങ്ങളാണിതെന്നും മെലാനി ജോളി അറിയിച്ചു.
റഷ്യക്ക് അനുകൂലമായി പ്രവർത്തിക്കുന്ന മോൾഡോവൻ രാഷ്ട്രീയക്കാരനായ ഇലൻ മിറോനോവിച്ച് ഷോറുമിനും അദ്ദേഹത്തിന്റെ ജനകീയ ഷോർ പാർട്ടിയ്ക്കുമാണ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉക്രെയ്നിൽ യുദ്ധം ആരംഭിച്ചതിനുശേഷം, ഫെഡറൽ ഗവൺമെന്റിന്റെ കണക്കനുസരിച്ച് റഷ്യ, ഉക്രെയ്ൻ, ബെലാറസ് എന്നിവിടങ്ങളിൽ നിന്ന് 1,900-ലധികം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മെലാനി ജോളി വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഉക്രെയ്നിന് കൂടുതൽ പിന്തുണ നൽകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രിമാരുടെ അനൗപചാരിക നാറ്റോ യോഗത്തിനായി ജോളി ഇപ്പോൾ നോർവേയിലെ ഓസ്ലോയിലാണ്.
