ടൊറന്റോ: ഭാരക്കുറവിനും പ്രമേഹ നിയന്ത്രണത്തിനും ആഗോളതലത്തിൽ തരംഗമായി മാറിയ ‘ഓസെംപിക്’ എന്ന ബ്രാൻഡഡ് മരുന്നിന്റെ ജനറിക് പതിപ്പുകൾ കാനഡയിൽ വിപണിയിലെത്തി. ഒരാഴ്ച മുൻപ് മാത്രം വിപണിയിലെത്തിയ ജനറിക് സെമാഗ്ലൂട്ടൈഡ് മരുന്നുകൾക്ക് പ്രതിമാസം 100 ഡോളർ മാത്രമാണ് വില വരുന്നത്. മുൻപ് ബ്രാൻഡഡ് മരുന്നിനായി 400 ഡോളറോളം മുടക്കേണ്ടി വന്നിരുന്ന സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. കാനഡയിലെ പ്രമുഖ ഫാർമസികളായ റെക്സാൽ, ഷോപ്പേഴ്സ് ഡ്രഗ് മാർട്ട് എന്നിവിടങ്ങളിൽ പുതിയ ജനറിക് മരുന്നുകൾ ലഭ്യമായിത്തുടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ കമ്പനികൾ വിപണിയിലെത്തുന്നതോടെ വില 75 ഡോളറിലേക്ക് വരെ താഴാൻ സാധ്യതയുണ്ടെന്ന് ഫാർമസി ഉടമകൾ വ്യക്തമാക്കുന്നു. ടൊറന്റോ ആസ്ഥാനമായുള്ള അപോടെക്സ്, ഇന്ത്യയിലെ പ്രമുഖ മരുന്ന് നിർമ്മാണ കമ്പനിയായ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് എന്നിവയുടെ ജനറിക് പതിപ്പുകൾക്കാണ് കാനഡയിൽ നിലവിൽ അനുമതിയുള്ളത്. വിപണിയിൽ എത്തിയതോടെ മരുന്നുകൾക്ക് വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. പല ഫാർമസികളിലും സ്റ്റോക്ക് എത്തിയ മണിക്കൂറുകൾക്കകം തന്നെ മരുന്നുകൾ വിറ്റുതീർന്നതായും, ഡോ. റെഡ്ഡീസിന്റെ മരുന്നുകൾക്കായി നിലവിൽ വലിയ ബുക്കിംഗ് ഉണ്ടെന്നും ഒന്റാരിയോയിലെ ഫാർമസിസ്റ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. ബ്രാൻഡഡ് മരുന്നും ജനറിക് മരുന്നും നിർമ്മിക്കുന്ന പ്രക്രിയയിൽ വ്യത്യാസമുണ്ടെങ്കിലും, ശരീരത്തിൽ ഇവ രണ്ടും ഒരേ ഫലമാണ് നൽകുകയെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വില കുറഞ്ഞതോടെ വണ്ണം കുറയ്ക്കാനുള്ള ചികിത്സയ്ക്കായി ഡോക്ടർമാരെ സമീപിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയത്.

കാനഡയിലെ പ്രമുഖ വെർച്വൽ കെയർ പ്ലാറ്റ്ഫോമായ ‘ഫെലിക്സ് ഹെൽത്ത്’നൽകുന്ന വിവരമനുസരിച്ച്, ജനറിക് മരുന്നുകൾ ലഭ്യമായി ആദ്യ 24 മണിക്കൂറിനുള്ളിൽ വണ്ണം കുറയ്ക്കാനായി ഡോക്ടർമാരെ ഓൺലൈനിൽ ബന്ധപ്പെട്ടവരുടെ എണ്ണത്തിൽ 14 ഇരട്ടി വർധനയാണ് ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും പുതിയ രോഗികളാണ്. അതേ സമയം വില കുറഞ്ഞു എന്നത് കൊണ്ട് മാത്രം എല്ലാവർക്കും ഈ മരുന്ന് നൽകാൻ കഴിയില്ലെന്നും രോഗിയുടെ കൃത്യമായ ആരോഗ്യ ചരിത്രവും ആവശ്യകതയും പരിശോധിച്ച ശേഷമേ ഡോക്ടർമാർ ഇത് നിർദ്ദേശിക്കാവൂ എന്നും ഫെലിക്സ് ഹെൽത്ത് ചീഫ് ഫാർമസി ഓഫീസർ ട്രേസി ഫിലിപ്സ് പറഞ്ഞു. ജനറിക് മരുന്നുകൾ വിപണി പിടിച്ചടക്കാൻ തുടങ്ങിയതോടെ, ഓസെംപിക്കിന്റെ യഥാർത്ഥ നിർമ്മാതാക്കളായ ഡെന്മാർക്ക് കമ്പനി ‘നോവോ നോർഡിസ്ക്’ പ്രതിരോധവുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ബ്രാൻഡഡ് മരുന്ന് കഴിക്കുന്നവർക്ക് വിലക്കുറവ് ലഭ്യമാക്കുന്നതിനായി കമ്പനി ഒരു ‘സേവിങ്സ് കാർഡ്’ ആണ് പുറത്തിറക്കിയത്. ഇതിലൂടെ രോഗികൾക്ക് ജനറിക് മരുന്നുകളുടെ അതേ വിലയിൽ യഥാർത്ഥ ഓസെംപിക് മരുന്ന് തുടർന്നും വാങ്ങാൻ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാും. ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയാനും ഈ മരുന്ന് സഹായിക്കുമെന്നതിനാൽ, വിലക്കുറവ് തങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കാനഡയിലെ സാധാരണക്കാരായ രോഗികൾ.
