ഉത്തരേന്ത്യയില്‍ ജൂലൈ 27 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ ജൂലൈ 27 വരെ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കൊങ്കണ്‍, മധ്യ മഹാരാഷ്ട്രയിലെ ഘട്ട് പ്രദേശങ്ങള്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ പ്രവചന ഏജന്‍സിയുടെ പ്രവചനം.
ഞായറാഴ്ച ഗുജറാത്തിലെ നാല് ജില്ലകളില്‍ ‘റെഡ്’ അലര്‍ട്ടും തിങ്കളാഴ്ച ചില ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഐഎംഡി പുറപ്പെടുവിച്ചു. ഈ വര്‍ഷം മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം മഹാരാഷ്ട്രയിലെ താനെയില്‍ 22 പേരും പാല്‍ഘര്‍ ജില്ലയില്‍ 13 പേരും മരിച്ചു. ഞായറാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. താനെ ജില്ലാ മജിസ്ട്രേറ്റ് അശോക് ഷിംഗാരെയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച നടന്ന അവലോകന യോഗത്തിന് ശേഷം ജില്ലയിലെ മരണങ്ങളെക്കുറിച്ച് അറിയിച്ചു.
ഇതുവരെ 13 പേര് മരിച്ചതായി പാല്‍ഘര്‍ ജില്ലാ ദുരന്തനിവാരണ സെല്‍ മേധാവി വിവേകാനന്ദ കദം അറിയിച്ചു. ജില്ലയില്‍ 399 വീടുകള്‍ ഭാഗികമായി തകര്‍ന്നതായും 300ഓളം പേര് ഷെല്‍ട്ടര്‍ ഹോമുകളില്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശം വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) ടീം കല്യാണില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
അതെസമയം കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ ജാഗ്രത പുലര്‍ത്തുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഞായറാഴ്ച പറഞ്ഞു. നാഗ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ശരാശരി 15 മുതല്‍ 20 ദിവസം വരെ മഴ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
