ഉത്തരേന്ത്യയില്‍ അതിശക്തമായ മഴ തുടരുന്നു. പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ നിരവധി റോഡുകള്‍ തടസ്സപ്പെട്ടു. അതേസമയം, കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ എല്ലാ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ്. സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണ്‍ ഉള്‍പ്പെടെ എല്ലാ ജില്ലകള്‍ക്കും ഐഎംഡി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഷികേശ് യമുനോത്രി ദേശീയ പാത ഉള്‍പ്പെടെ ഉത്തരാഖണ്ഡില്‍ 241 റോഡുകള്‍ അടച്ചിട്ടു. ചമോലി ജില്ലയിലെ പഗല്‍നാലയില്‍ ഋഷികേശ് ബദരിനാഥ് ദേശീയ പാതയും തടഞ്ഞു. അതേസമയം, ഗംഗ നദിയിലെ ജലനിരപ്പ് 292.80 മീറ്ററായി രേഖപ്പെടുത്തി.

മുംബൈയിലും മഹാരാഷ്ട്രയിലെ റായ്ഗഡ്, രത്‌നഗിരി, സിന്ധുദുര്‍ഗ് പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ജില്ലകളിലും ഐഎംഡി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് നാഗ്പൂരിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
ഷിംല, സോളന്‍, മാണ്ഡി, സിര്‍മൗര്‍, ബിലാസ്പൂര്‍, കാന്‍ഗ്ര, ചമ്പ, ഹാമിര്‍പൂര്‍, ഉന എന്നിവയുള്‍പ്പെടെ ഒമ്പത് ഹിമാചല്‍ പ്രദേശ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഐഎംഡി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഡല്‍ഹിയില്‍ ബുധനാഴ്ച കനത്ത മഴ പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായി. അതിനിടെ, തലസ്ഥാനത്തും വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴയെത്തുടര്‍ന്ന് ബുധനാഴ്ച ഡല്‍ഹിയിലെ യമുന വീണ്ടും 205.33 മീറ്റര്‍ അപകടനില മറികടന്നു.
